എറണാകുളം: ഡോ. വന്ദനാ ദാസ് കൊലപാതക കേസിൽ പ്രതിയെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് ഹൈക്കോടതി തടഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിലുള്ള സാഹചര്യത്തിലാണ് കോടതിയുടെ നടപടി.
അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ മടിക്കുന്നത് എന്തുകൊണ്ടാണെന്ന് വന്ദനയുടെ മാതാപിതാക്കൾ കോടതിയിൽ ആരാഞ്ഞു. അന്വേഷണത്തെ കുറിച്ചുള്ള മാതാപിതാക്കളുടെ പരാതി പരിശോധിക്കുകയാണെന്നും ഇതിന് കൂടുതൽ സമയം വേണ്ടി വരുമെന്നും ഡിജിപി കോടതിയെ അറിയിച്ചു.
വന്ദനാ ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൊല്ലം റൂറൽ എസ്പി നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഡിഐജി നിശാന്തിനി ഉത്തരവിട്ടിരുന്നു. പൂയംപ്പള്ളി സ്റ്റേഷനിലെ എസ്‌ഐ ബേബി മോഹൻ, ആശുപത്രി എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന മണിലാൽ എന്നിവർക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.















