“കുണ്ടണി മങ്കയും കോരസ്വാമിയും വരണത് ഇന്നാണ്” – കുട്ടിക്കാലം മുതൽ വീട്ടിലെ മുതിർന്നവർ പറഞ്ഞു കേൾക്കുന്നത്. കൂട്ടുകുടുംബമായിരുന്നു. എവിടുന്നാണ് വരവ് എങ്ങോട്ടാണ് പോക്ക് എന്നൊന്നും അറിയില്ല, പൂജവയ്‌പ്പ് അടുത്തുവരുന്ന സന്തോഷമാണ് ഞങ്ങൾ കുട്ടികൾക്ക് അത് കേൾക്കുമ്പോൾ. മൂന്ന് ദിവസം പഠിക്കേണ്ട. ആർട്ടിസ്റ്റ് മുരുഗകനി വരച്ച, പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകിവരുന്ന അരുവിയുടെ കരയിൽ ആസനസ്ഥയായ സരസ്വതീ ദേവിയുടെ പടം. നിറയെ ചെമ്പരത്തി പൂവ് അലങ്കരിച്ച് പൂജ വച്ചിരിക്കുന്ന നാളുകൾ. വീണാപാണിനി രാഗവിലോലിനി – ആകാശവാണിയിൽ സരസ്വതിയെ കുറിച്ചുള്ള പാട്ടുകൾ. സ്‌പീക്കർ പടത്തിന് പുറകിൽ ഒളിപ്പിച്ച് ഭക്തിഗാന സംപ്രേഷണം. നിലവിളക്കും തിരിയുടെ മണവും സെന്റും പനിനീരും പടുക്കയും ഒക്കെയായി വീട് മുഴുവൻ സുഗന്ധപൂരിതം, ഭക്തിമയം.
ഓർമ്മിക്കാൻ കാരണം, ശ്രീമതി. ഗീത. കെ എഴുതിയ “നവരാത്രി, ചരിത്രവും ഐതിഹ്യവും” എന്ന പുസ്തകം കിട്ടിയത് വായിച്ചു. നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.
ഇത്തവണത്തെ യാത്രക്കിടെ കുണ്ടണി മങ്കയും വേലായുധ സ്വാമിയും നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ തങ്ങിയപ്പോൾ പോയി കണ്ടു തൊഴുതു. മുന്നൂറ്റി നങ്ക എന്ന് എഴുതിവച്ചിരുന്ന ‘ഔദ്യോഗിക’ നാമത്തേക്കാൾ കേട്ടുപഴകിയ കുണ്ടണി മങ്ക (കുണ്ടണി അമ്മ എന്നും) തന്നെയാണ് പ്രിയം. കാട്ടുജാതിക്കാരിയായ വള്ളിയെ വേൾക്കാൻ മുരുകൻ തീരുമാനിക്കുന്നു. പിതാവിനോട് പറയാൻ ഭയം. ശിവപെരുമാളിനെ പറഞ്ഞു മനസ്സിലാക്കാൻ സാക്ഷാൽ ശ്രീ പദ്മനാഭന് മാത്രമേ സാധിക്കൂ. സ്വാമിയോട് പറഞ്ഞു കാര്യങ്ങൾ ശരിയാക്കാം – മുന്നൂറ്റി നങ്ക ശുചീന്ദ്രത്ത് നിന്ന് കൂടെ കൂടുന്നു. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ വന്ന മുന്നൂറ്റി നങ്ക കുണ്ടണി അഥവാ ഏഷണി പറഞ്ഞിട്ട് കല്യാണം മുടക്കുന്നു – പുസ്തകത്തിലും കഥ വിശദമായി ഗ്രന്ഥകാരി പറയുന്നു. മുൻ ഉദിത്ത നങ്ക ലോപിച്ചാണ് മുന്നൂറ്റിനങ്കയായത്.
കന്നിമാസത്തിലെ അമാവാസി കഴിഞ്ഞു തുടങ്ങുന്ന പൂജ. അനന്തപുരിക്ക് ഉത്സവമേളം പകരുന്ന ഒൻപത് ദിനങ്ങൾ. തിരുവിതാംകൂർ ഭരണകാലത്ത് അക്ഷരപൂജ നടന്നിരുന്നത് കിഴക്കേകോട്ടയിലെ ചോക്കിട്ടാൾ മണ്ഡപത്തിനുള്ളിലെ പകിടശാരി മണ്ഡപം എന്നറിയപ്പെടുന്ന പകിടശ്ശാല മണ്ഡപം. അതായത് നമ്മുടെ നവരാത്രി മണ്ഡപം. (ഈ പേരുകളൊക്കെ ആദ്യമായി കേൾക്കുന്നു. എഴുത്തുകാരിക്ക് നന്ദി.) ആയുധപൂജ നടക്കുന്നത് പൂജപ്പുരയിലെ സരസ്വതി മണ്ഡപത്തിലും. തക്കല പദ്മനാഭപുരം കൊട്ടാരത്തിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര.
കൊട്ടാരത്തിലെ തേവാരക്കെട്ടിൽ സരസ്വതി ദേവിയുടെ അപൂർവ്വമായ ക്ഷേത്രം. ആണ്ടുതോറും കന്നിമാസത്തിൽ ക്ഷേത്രത്തിൽ സരസ്വതി ദേവിയെ ആരാധിക്കാൻ പൂജ നടത്തിയിരുന്നു . സ്വാതി തിരുനാൾ തിരുമനസ്സിന്റെ കാലത്താണ് പൂജ തിരുവന്തപുരത്തേക്ക് മാറ്റിയതെന്നും. ചരിത്രമുറങ്ങുന്ന നിരവധി മാളികകൾ ഉൾപ്പെടുന്ന കൊട്ടാര സമുച്ചയത്തിലെ നവരാത്രി മണ്ഡപത്തിലായിരുന്നു അന്നേവരെ തിരുവിതാംകൂറിന്റെ നവരാത്രി പൂജ നടന്നു വന്നിരുന്നത്.
ഒറ്റയിരിപ്പിന് വായിച്ചു തീരുന്ന ഈ പുസ്തകത്തിൽ പക്ഷെ ഏറെ ഇഷ്ടപ്പെട്ടത് അനുബന്ധമായി ചേർത്തിരിക്കുന്ന നീട്ടുകളും കൊട്ടാരത്തിൽ നിന്നുള്ള ഉത്തരവുകളുമാണ്. വളരെ അപൂർവ്വവും ഏറെ വിലമതിക്കുന്നതുമായ ഈ രേഖകൾ അനുബന്ധമായി ഉൾപ്പെടുത്തിയതിന് ഗ്രന്ഥകർത്താവിനോട് കടപ്പെട്ടിരിക്കുന്നു. കൊട്ടാരം സർവ്വാധികാര്യക്കാരുടെ ഒരു ഉത്തരവിൽ നവരാത്രി പൂജ ചിറപ്പ് അടിയന്തിരം പ്രമാണിച്ച് വേളിമല ശുചീന്ദ്രം മുതലായ സ്ഥലങ്ങളിൽ നിന്ന് വന്നിട്ടുള്ളവരും, കൊട്ടാരത്തിൽ നിന്ന് ഓരോ ജോലികളിൽ ഏർപ്പെടുന്ന കൊത്തന്മാർ, ഉടവാൾ എടുപ്പ് പേർ സാംബ്രാണി പുകപ്പുകാർ, ദീപയഷ്ടി എടുപ്പുപേർ, കൊലവാഴ സൂക്ഷിപ്പ് കൊട്ടാരം ശേവുകക്കാർ പേർ നാരങ്ങയും പാക്കും കോർത്തുകെട്ടുന്ന തോപ്പുകാർ തുടങ്ങിയ പ്രവർത്തിക്കാർക്ക് കീഴ്പ്പതിവനുസരിച്ച് ഭക്ഷണം കൊടുത്തുകൊള്ളണം എന്നാണ് ഒരു നീട്ട്.
ഉപ്പിരിക്കമാളികയിൽ നടന്ന ഉടവാൾ കൈമാറ്റച്ചടങ്ങ് കാണാൻ വിലക്ക് ലംഘിച്ച് ആൾക്കാർ ഇരച്ചുകയറിയ വാർത്ത പത്രത്തിൽ ഉണ്ടായിരുന്നു. ബലക്ഷയം സംഭവിച്ച മാളികയിൽ വളരെ കുറച്ചു പേർക്കേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. പദ്മനാഭപുരം കൊട്ടാരത്തിൽ നാലുനിലകളിലായി തലയെടുപ്പോടെ നിൽക്കുന്നതാണ് ഉപ്പിരിക്കമാളിക. മൂന്നാം നില മഹാരാജാവിന്റെ ശയനമുറി. നാലാംനിലയിൽ അധികാരപ്രതീകമായ ഉടവാൾ സൂക്ഷിച്ചിരിക്കുന്നു. തേവാരക്കെട്ടിൽ നിന്നും ദേവീവിഗ്രഹം പുറപ്പെടുന്നതിന് മുൻപ് ഉടവാൾ കൈമാറ്റമാണ്. നവരാത്രി ഉത്സവത്തിന് തുടക്കമായി. രാജാവിന്റെ പ്രതിനിധിയായിട്ടാണ് ഉടവാളിനെ കണക്കാക്കുന്നത്. ഉടവാളിന്റെ അകമ്പടിയോടെ തേവാരക്കെട്ടിൽ നിന്നും വരുന്ന ദേവിയെ സ്വീകരിക്കാൻ സേനാനായകനായി വേളിമലയിൽ നിന്നും കുമാരസ്വാമിയും ശുചീന്ദ്രത്ത് നിന്ന് മുന്നൂറ്റി നങ്കയും കാത്തുനിൽപ്പുണ്ട്.
ഘോഷയാത്ര തുടങ്ങുന്നതിനോട് അനുബന്ധിച്ചുള്ള ചടങ്ങുകൾ വിശദമായി തന്നെ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഘോഷയാത്രയിലെ ആദ്യ ഇടത്താവളം തക്കലക്കടുത്തുള്ള കേരളപുരം ശിവക്ഷേത്രം. കേരളപുരം വരെ ഗ്രാമപാതകളിലൂടെയുള്ള യാത്ര. മുന്നിലായി വെള്ളിയിൽ തീർത്ത കുതിര. കുമാരകോവിലിൽ, വേലുത്തമ്പി ദളവ സമർപ്പിച്ച വെള്ളിക്കുതിര ഘോഷയാത്രയിലെ കുമാരസ്വാമിയുടെ വാഹനമാണ്.
ഭക്തകവി കമ്പർ നിത്യവും പൂജിച്ചിരുന്ന ചൈതന്യവത്തായ സരസ്വതി വിഗ്രഹം തന്റെ കാലശേഷം ആരെങ്കിലും പൂജചെയ്യണമെന്നും അങ്ങനെ വേണാട് രാജാവിന്റെ കൈവശം എത്തിച്ചേർന്നതാണ് ഈ വിഗ്രഹം എന്നും ചരിത്രം. ഭക്തകവിയെ കുറിച്ചുള്ള ഒരുപാട് അറിവുകൾ ശ്രീമതി. ഗീത പങ്കുവയ്‌ക്കുന്നുണ്ട്.
ഘോഷയാത്രയുടെ ആദ്യദിന വിശ്രമം കുഴിത്തുറ മഹാദേവക്ഷേത്രത്തിൽ. താമ്രപൗർണ്ണമി നദി കടന്നാൽ പിന്നെ അന്ന് യാത്ര പാടില്ലെന്നാണ്. പിറ്റേന്ന് രാവിലെ കളിയിക്കാവിളയിൽ ഗംഭീര സ്വീകരണം. സന്ധ്യക്ക് നെയ്യാർ കടന്നാൽ പിന്നെ യാത്രയില്ല. ദേവിക്ക് നെയ്യാറിലെ നീരാട്ട്. ശേഷം നെയ്യാറ്റിൻകര ഉണ്ണിക്കണ്ണന്റെ തിരുനടയിൽ വിശ്രമം. പിറ്റേന്ന് ഉച്ചയോടുകൂടി കരമന സത്യവാഗീശ്വര ക്ഷേത്രത്തിൽ എത്തുന്നു. അവിടെ നിന്നും യാത്ര തിരിക്കുമ്പോൾ ഒരു മാറ്റമുണ്ട്. അതുവരെ വിളംബര ഘോഷയാത്രയായി മുന്നിൽ സഞ്ചരിച്ചിരുന്ന വെള്ളിക്കുതിര വേലായുധന്റെ വാഹനമാകുന്നു. സരസ്വതി ദേവിയുടെ കാവലാളായി തൊട്ടുപിന്നിൽ കുമാരസ്വാമി. അതിനു പിന്നിൽ പല്ലക്കിൽ മുത്തൂറ്റിനങ്കയും. പിന്നീടുള്ള വർണ്ണശബളമായ ഘോഷയാത്ര, പദ്മനാഭന്റെ തിരുനടയിലെ സ്വീകരണം ഒക്കെ വിശദമായി ഗ്രന്ഥകർത്താവ് പുസ്തകത്തിൽ പറയുന്നു. പിന്നീട് കുമാരസ്വാമി ആര്യശാലയിലേക്കും മുന്നൂറ്റിനങ്ക ചെന്തിട്ടയിലേക്കും. ഇനിയുള്ള ഒൻപത് ദിവസം അവിടെയാണ് പൂജകൾ.
നവരാത്രി മണ്ഡപത്തിൽ പോകുമ്പോൾ കൗതുകം തോന്നിയിട്ടുള്ളതാണ് അവിടെ തൂണുകളിൽ അലങ്കരിച്ചിരിക്കുന്ന തടിയിൽ കൊത്തിയ പാക്കും നാരങ്ങയും. മണ്ഡപത്തിലെ അലങ്കാരത്തിൽ വിശേഷപ്പെട്ട സ്ഥാനമാണ് തൂണുകൾക്കും. പഴുത്ത പാക്കും ചെറുനാരങ്ങയും കോർത്തുകെട്ടിയാണ് ഓരോ തൂണും അലങ്കരിക്കുക. ഓരോ ദിനവും മാറ്റി പുതിയത് അലങ്കരിക്കും. നാരങ്ങയും പാക്കും കോർത്തുകെട്ടുന്ന തോപ്പുകാരെ കുറിച്ച് അനുബന്ധമായി ചേർത്തിരിക്കുന്ന നീട്ടിൽ പരാമർശിച്ചിട്ടുണ്ട്. മണ്ഡപം അലങ്കാരത്തെ കുറിച്ചും അതിന്റെ ചരിത്രത്തെ കുറിച്ചും ഗ്രന്ഥകർത്താവ് വർണ്ണിച്ചിരിക്കുന്നത് മനോഹരം.
കച്ചേരി നടക്കുന്ന മണ്ഡപത്തിന് മുകളിൽ 63 മണ്കലങ്ങൾ 9×7 എന്ന ക്രമത്തിൽ വിവിധ കോണുകളിലായി ചരിച്ച് പ്രത്യേക അകലത്തിൽ മുലകൾക്കിടയിൽ കെട്ടി ഉറപ്പിച്ചു വച്ചിട്ടുണ്ട്. വൈദ്യത പാട്ട് / ശ്രവണ സാമഗ്രികൾ ഇപ്പോഴും മണ്ഡപത്തിൽ ഉപയോഗിക്കാറില്ല. കച്ചേരി പാടുന്നവരുടെ ശബ്ദം പ്രതിഫലിക്കാനും ആസ്വാദകർക്ക് ശ്രവണസുഖം നൽകാനുമുള്ള പ്രകൃത്യാലുള്ള സംവിധാനം. ഒരുപാട് പേർക്ക് പുതിയ അറിവാണ് ഇക്കാര്യം. ഒരുപക്ഷെ വര്ഷങ്ങളായി കച്ചേരി കേൾക്കാൻ മണ്ഡപത്തിൽ പോകുന്നവർക്കും.
പൂജ എടുപ്പ് ദിവസം വിജയദശമി മണ്ഡപത്തിൽ രഥത്തിൽ എഴുന്നള്ളുകയാകയാൽ ആ വകയ്‌ക്ക് രഥം അലങ്കരിക്കുന്നതിന് കഴിഞ്ഞയാണ്ടത്തെ പതിവ് പോലെ തോവാള അഗസ്തീശ്വരം താലൂക്കുകളിൽ നിന്ന് നല്ലതായിട്ട് ഒരു തുലാം കൊഴുന്നും അര കെട്ട് വെള്ള അരളിപ്പൂവും വരുത്തി എന്ന് തുടങ്ങുന്ന കൊട്ടാരം സർവ്വാധികാര്യക്കാരുടെ ഉത്തരവും നന്താവനം വിചാരിപ്പുകാർ മുഖാന്തരം രഥം ഭംഗിയായി അലങ്കരിപ്പിക്കാനുള്ള ഉത്തരവും പൂജപ്പുരയിൽ തിരുമനസ്സുകൊണ്ട് എഴുന്നള്ളുന്നത് പ്രമാണിച്ച് പതിവുപോലെ എല്ലാം ശട്ടം കെട്ടി നടത്തിച്ചുകൊള്ളണം എന്നുള്ളതും അനുബന്ധത്തിലെ ചില കൗതുകങ്ങൾ.
ജീവനക്കാർക്കുള്ള പതിവുകൾ, ചിലവ് തുടങ്ങിയവ അടങ്ങുന്ന പട്ടികയിൽ ഉത്സവമാടത്തിൽ നിന്ന് പത്രങ്ങൾ ഏറ്റുവാങ്ങി തിര്യെ ഏൽപ്പിക്കുന്നവർ, സേവിക്കുന്ന മതിലകം നാഗസ്വരക്കാർ, മാലകെട്ടിയ സ്ഥലം വൃത്തിയാക്കുന്ന അച്ചിമാർ, മാത്തൂർ ആട്ടക്കാർ, കൊട്ടാരം ഗാർഡ് സുബേദാർ തുടങ്ങിയ ജീവനക്കാരെയും പരാമർശിക്കുന്നു. ഓല നമ്പർ 90 പ്രകാരം 1033 മാണ്ട് അൽപശി മാസം 2 നു വന്ന ഉത്തരവിൽ പൂജ എടുപ്പ് പ്രമാണിച്ച് വിജയദശമി മണ്ഡപത്തിൽ എഴുന്നള്ളുന്നതാക കൊണ്ട് അണിവെടി വയ്‌ക്കുന്നതിനുള്ള കുപ്പിണിയും അതുകൂടാതെ പീരങ്കിയും അന്ന് പകൽ … മണിക്ക് അവിടെ ഹാജരാകയും……. എന്ന ഉത്തരവിലെ കുപ്പിണി എന്ന വാക്ക് എന്താണെന്ന് സംശയം. ശബ്ദതാരാവലിയിൽ പരതി. കുമ്പഞ്ഞി. അതായത് ഇംഗ്ലീഷിലെ കമ്പനി. സൈന്യവിഭാഗം. (75 ശിപായി, 4 നായക്കൻ, 1 തവ, 1 സുബ, 1 തമ്പേർ 1 ചീനക്കുഴൽ ഇത്രയും കൂടിയത്) എന്ന് കാണുന്നു. തവ, സുബ, തമ്പേർ ഒക്കെ എന്താണോ എന്തോ.
വിദ്യാരംഭദിനം പൂജപ്പുര വഴിപോകുമ്പോൾ നൂറുകണക്കിന് കാവടി നേർച്ചക്കാരെ കണ്ടിട്ടുണ്ട്. വിജയദശമിയും കാവടിയുമായി എന്തുബന്ധം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വിദ്യാരംഭദിനം രാവിലെ ആര്യശാല ദേവീക്ഷേത്രത്തിൽ നിന്ന് കുമാരസ്വാമി വെള്ളിക്കുതിരയിൽ പൂജപ്പുരയിലേക്ക് പുറപ്പെടും. പൂജപ്പുര സരസ്വതി മണ്ഡപത്തിൽ തങ്ങിയ ശേഷം വൈകുന്നേരം ചാലയിൽ എത്തും. ചെന്തിട്ട ക്ഷേത്രത്തിൽ നിന്ന് മുന്നൂറ്റിനങ്കയും ചാലയിലെത്തി ഇരുവരും ഒരുമിച്ച് സരസ്വതി ദേവി ദർശനത്തിനായി മണ്ഡപത്തിലേക്ക്. പതിനൊന്നാം നാളിൽ മൂന്ന് ദേവതകൾക്കും വിശ്രമം. നല്ലിരിപ്പ്. പന്ത്രണ്ടാം നാളിൽ മൂവരും നാട്ടിലേക്ക് മടക്കയാത്ര. കെങ്കേമമായ യാത്രയയപ്പ്. തക്കലയിൽ ഗംഭീര സ്വീകരണം. ദേവി തേവാരപ്പുരയിലേക്കും വേലായുധ സ്വാമി വേളിമലയിലേക്കും മുന്നൂറ്റിനങ്ക ശുചീന്ദ്രം മാത്രുക്ഷേത്രത്തിലേക്കും. ഒരുവർഷത്തെ നവരാത്രി മഹോത്സവത്തിന് സമംഗളം ശുഭപര്യവസാനം.
വിശ്വാസങ്ങളും ആചാരങ്ങളും ചരിത്രവും ഐതിഹ്യങ്ങളും സംസ്കാരവും കെട്ടുപിണഞ്ഞു കിടക്കുന്ന തിരുവിതാംകൂറിന്റെ സ്വന്തം നവരാത്രി മഹോത്സവത്തിന്റെ സമഗ്രമായ പഠനമാണ് ശ്രീമതി. ഗീതയുടെ ‘നവരാത്രി ചരിത്രവും ഐതിഹ്യവും എന്ന പുസ്തകം.” അനുബന്ധമായി കൊടുത്തിരിക്കുന്ന വിലപ്പെട്ടതും അമൂല്യവുമായ ചരിത്രരേഖകൾ ഈ പുസ്തകത്തിന്റെ മാറ്റ് കൂട്ടുന്നു. നവരാത്രി ഘോഷയാത്ര കാണാനും തൊഴാനും എത്തുന്ന ഓരോരുത്തരും വായിക്കേണ്ട അറിവുകൾ. ശ്രീമതി ഗീത വളരെയധികം പഠനം നടത്തിയിട്ടാണ് പുസ്തക രചനയിലേർപ്പെട്ടത് എന്ന് വ്യക്തം. വളരെ നന്ദി.
ആസ്വാദനം എഴുതിയത് : കമൽ
( തിരുവനന്തപുരം നഗരത്തിലെ നവരാത്രിയുത്സവമടക്കമുള്ള ചരിത്ര പരമായ ആചാരങ്ങളിൽ അതീവ താത്പര്യമുള്ള കമൽ ഒരു നല്ല വായനക്കാരനും ആസ്വാദകനുമാണ്. ശ്രീമതി കെ ഗീതയുടെ “നവരാത്രി ചരിത്രവും ഐതിഹ്യവും എന്ന പുസ്തകം” ലഭിക്കാൻ 9847439036 എന്ന നമ്പറിൽ ബന്ധപ്പെടുക )
ഫോട്ടോകൾക്ക് കന്യാകുമാരി മലയാളികൾ എന്ന ഫേസ്‌ബുക്ക് പേജിന് നന്ദി