ന്യൂഡൽഹി: ഐസിഐസിഐ ബാങ്കിനും കൊട്ടക് മഹീന്ദ്ര ബാങ്കിനും പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.വായ്പാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് ഇരു ബാങ്കുകൾക്കും എതിരെ പിഴ ചുമത്തിയത്. ഐസിഐസിഐ ബാങ്കിന് 12.19 കോടി രൂപയും കൊട്ടക് മഹീന്ദ്ര ബാങ്കിന് 3.95 കോടി രൂപയുമാണ് ആർബിഐ പിഴ ചുമത്തിയത്.
ഐസിഐസിഐ ബാങ്കിലെ രണ്ട് ഡയറക്ടർ ആണ് ചട്ടലംഘനം നടത്തിയത്. ഇവർ തന്നെ ഡയറക്ടർമാർ ആയി പ്രവർത്തിക്കുന്ന കമ്പനികൾക്ക് വായ്പ അനുവദിച്ചിരുന്നു. ഇത് ചട്ടലംഘനമാണെന്ന് പരിശോധനാ റിപ്പോർട്ടിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സാമ്പത്തികേതര ഉത്പന്നങ്ങളുടെ വിൽപ്പനയിലും വിപണനയിലും ബാങ്ക് പങ്കാളിയായിരുന്നു. തട്ടിപ്പ് കണ്ടെത്തുകയാണെങ്കിൽ മൂന്ന് ആഴ്ചയ്‌ക്കുള്ളിൽ ആർബിഐയെ അറിയിക്കണമെന്നാണ് വ്യവസ്ഥ. ഈ സമയക്രമം പാലിക്കുന്നതിൽ ഐസിഐസിഐ ബാങ്ക് വീഴ്ച വരുത്തി. ഇതാണ് പിഴ ഈടാക്കാൻ കാരണമായത്.
വ്യവസ്ഥകൾക്ക് വിരുദ്ധമായി കൊട്ടക് മഹീന്ദ്ര ബാങ്ക് ചില വായ്പകൾക്ക് പലിശ ഈടാക്കിയതായി കണ്ടെത്തിയിരുന്നു. ഇതുൾപ്പെടെ 2022 മാർച്ച് വരെയുള്ള സാമ്പത്തിക വർഷം നടന്ന വിവിധ ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് കൊട്ടക് മഹീന്ദ്ര ബാങ്കിനെതിരെ നടപടി എടുത്തതെന്ന് ആർബിഐ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.