ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഇതിനോടകം തന്നെ ജനപ്രീതി നേടിക്കഴിഞ്ഞു.എഐ ഇനി സാങ്കേതിക വിദ്യയുടെ ഭാവി നിർണയിക്കുമെന്നതിൽ സംശയം വേണ്ട. എഐ സാങ്കേതിക വിദ്യകളുടെ പ്രവർത്തനത്തിന് ശക്തമായ പ്രൊസസിംഗ് ചിപ്പുകളുടെ പിൻബലത്തിൽ പ്രവർത്തിക്കുന്ന ഡാറ്റാ സെൻസറുകൾ ആവശ്യമാണ്. ഇത് മുന്നിൽക്കണ്ട് സംയുക്ത സംരംഭത്തിനൊരുങ്ങുകയാണ് ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ ഫോക്സ്‌കോണും മുൻനിര ചിപ്പ് നിർമ്മാതാക്കളായ എൻവിഡിയയും.
ഫോക്‌സ്‌കോണും എൻവിഡിയയും ചേർന്ന് പുതിയ തരം ഡാറ്റാ സെന്ററാണ് നിർമിക്കാൻ ഒരുങ്ങുന്നത്.ഇലക്ട്രിക് കാറുകൾ ഉൾപ്പെടെ നിരവധി ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഡാറ്റാ സെന്റർ ആയിരിക്കും ഇതെന്നാണ് റിപ്പോർട്ട്. എൻവിഡിയയുടെ ചിപ്പുകളും സോഫ്റ്റ് വെയറുകളും ഉപയോഗിച്ചാകും നിർമ്മാണം നടക്കുക. എഐ ഫാക്ടറികൾ എന്നാണ് പുതിയ സംരംഭത്തിന് പേര് നൽകിയിരിക്കുന്നത്.
തായ്‌പേയിൽ നടന്ന ഫോക്‌സ്‌കോണിന്റെ വാർഷിക സാങ്കേതിക വിദ്യ പ്രദർശന പരിപാടിയിലാണ് സംരംഭത്തെ കുറിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ഫോക്‌സ്‌കോൺ ചെയർമാൻ ലിയു യങ്-വേയും എൻവിഡിയ സിഇഒ ജെൻസെൻ ഹുവാങും ചേർന്നാണ് പ്രഖ്യാപനം നടത്തിയത്.















