ന്യൂഡൽഹി: ചന്ദ്രയാൻ-3 യാഥാർത്ഥ്യമാക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി വഹിച്ച പങ്ക് വ്യക്തമാക്കി എൻസിഇആർടി റീഡിംഗ് മൊഡ്യൂൾ. ചന്ദ്രയാൻ ദൗത്യത്തെക്കുറിച്ചുള്ള എൻസിഇആർടിയുടെ പ്രത്യേക റീഡിംഗ് മൊഡ്യൂളുകളിലാണ് വിഷയം പരാമർശിച്ചിട്ടുള്ളത്.
ചന്ദ്രയാൻ-2 പരാജയപ്പെട്ടതിന് ശേഷം നിരാശരായിരുന്ന ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് പ്രധാനമന്ത്രി നൽകിയ പിന്തുണയെക്കുറിച്ച് റീഡിംഗ് മൊഡ്യൂളിൽ പരാമർശിക്കുന്നു. ശാസ്രജ്ഞരിൽ വിശ്വാസം അർപ്പിച്ച അദ്ദേഹം, വീണ്ടും പരിശ്രമം തുടരാൻ അവരോട് ആവശ്യപ്പെട്ടു. തുടർന്ന് പരാജയങ്ങളിൽ നിന്നും പഠിച്ച് ഇസ്രോ മുന്നേറി. ഓഗസ്റ്റ് 23-ന് ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ-3 വിജയക്കൊടി പാറിച്ചു.
വിക്ഷേപണത്തിന്റെ തത്സമയ സംപ്രേക്ഷണത്തിൽ നരേന്ദ്രമോദി പങ്കെടുക്കുന്നതിന്റെയും ചന്ദ്രയാൻ-3യുടെ വിജയത്തിന് പിന്നാലെ ഐഎസ്ആർഒ ആസ്ഥാനത്ത് വെച്ച് പ്രധാനമന്ത്രി ശാസ്ത്രജ്ഞരുമായി ആശയവിനിമയം നടത്തുന്നതിന്റെയും ചിത്രങ്ങൾ മൊഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒക്ടബോർ 17-ന് ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാൻ മൊഡ്യൂൾ പ്രകാശനം ചെയ്തു. വേദിയിൽ ഐഎസ്ആർഒ മേധാവി എസ് സോമനാഥ് സന്നിഹിതനായിരുന്നു.