ജീവിത ശൈലിയാണ് മിക്ക അർബുദങ്ങൾക്കും കാരണമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. രക്തകോശങ്ങളെ ബാധിക്കുന്ന അർബുദമാണ് രക്താർബുദം. ലക്ഷണങ്ങളെ കണ്ടെത്തി ഫലപ്രദമായ ചികിത്സ നൽകുന്നതിലൂടെ പെട്ടെന്ന് തന്നെ ഇത് ഭേദമാകാൻ സാധിക്കും. ലുക്കീമിയ, ലിംഫോമ, മൈലോമ എന്നിങ്ങനെ പലതരം രക്താർബുദങ്ങളുണ്ട്.
പലപ്പോഴും ഉണ്ടാകുന്ന രോഗലക്ഷണങ്ങൾ തള്ളിക്കളയാതെ അനുയോജ്യമായ രീതിയിൽ ബയോപ്‌സി, സ്‌കാനിംഗ്, ഫ്‌ളോ സൈറ്റോമെട്രി എന്നിങ്ങനെയുള്ള പരിശോധനങ്ങളിലൂടെ രോഗം പെട്ടെന്ന് തന്നെ തിരിച്ചറിയാനും ചികിത്സിക്കാനും സാധിക്കും. രക്താർബുദവുമായി ബന്ധപ്പെട്ട് വഡോദര എച്ച്‌സിജി കാൻസർ സെന്ററിലെ ഹെമറ്റോളജി വിഭാഗം ഡോ. ദിവ്യേഷ് പട്ടേൽ ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ അതിന്റെ ലക്ഷണങ്ങളെ കുറിച്ചും പറയുന്നുണ്ട്.
അമിത ക്ഷീണവും വിളർച്ചയും രക്താർബുദത്തിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ്. രക്തകോശങ്ങളെ നിർമ്മിക്കാനുള്ള ശരീരത്തിന്റെ ശേഷി കുറയുമ്പോഴാണ് ക്ഷീണത്തിനും വിളർച്ചക്കും കാരണമാവുന്നത്. ശരീരഭാരം പെട്ടെന്ന് കുറയുന്നതും തുടർച്ചയായി എല്ലുകൾക്ക് ഉണ്ടാകുന്ന വേദനയുമെല്ലാം ഇതിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. പ്രതിരോധശേഷി കുറയുന്നതോടെ ഇടക്കിടെ ഉണ്ടാകുന്ന അണുബാധയും മുറിവുകളിൽ നിന്നും മോണകളിൽ നിന്നും ഉണ്ടാകുന്ന അമിതമായ രക്തസ്രാവവുമെല്ലാം ശരീരത്തെ തളർത്താം. കൂടാതെ ശരീരത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന മുറിവുകളും ലിംഫ് നോഡുകളിൽ ഉണ്ടാകുന്ന വീക്കവും നിസാരമായി കാണരുത്. ഇതോടൊപ്പെം തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു ലക്ഷണമാണ് അമിതമായി വിയർക്കുന്നത്. രാത്രിയിൽ അനുകൂല കാലാവസ്ഥയിൽ പോലും അമിതമായി വിയർക്കുന്നത് രക്താർബുദ ലക്ഷണങ്ങളിൽ ഒന്നാണ്.
രോഗലക്ഷണങ്ങളെ അവഗണിക്കാതെ കൃത്യസമയത്ത് കണ്ടെത്തുന്നതും മികച്ച ചികിത്സ നൽകുന്നതും രോഗത്തിൽ നിന്നും മുക്തി നേടാൻ സഹായിക്കും.















