ഇനി അക്കൗണ്ട് നമ്പർ ഇല്ലാതെയും പണമിടപാട് നടത്താനാകും. അക്കൗണ്ട് വിവരങ്ങൾ നൽകാതെ ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് എളുപ്പത്തിലും കൃത്യതയോടെയും പണമിടപാട് നടത്തുന്നതിന് വേണ്ടി നാഷ്ണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)യാണ് ഈ സംവിധാനം അവതരിപ്പിക്കുന്നത്. അഞ്ച് ലക്ഷം രൂപ വരെ ഇതിലൂടെ കൈമാറ്റം ചെയ്യാനാകും. മൊബൈൽ നമ്പറും ബാങ്കിന്റെ പേരും നൽകിയാണ് ഈ സംവിധാനം വഴി വിനിമയം നടത്താൻ സാധിക്കുക. ഇമ്മീഡിയേറ്റ് പേയ്‌മെന്റ് സർവീസ്(ഐഎംപിഎസ്) വഴിയാണ് പണം കൈമാറ്റം ചെയ്യാനാവുക.
നിലവിൽ ഐഎംപിഎസ് വഴി ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് അഞ്ച് ലക്ഷം രൂപവരെ കൈമാറാൻ സാധിക്കുന്നുണ്ട്. എന്നാൽ ഐഎഫ്‌സി കോഡ്, അക്കൗണ്ട് നമ്പർ, ബാങ്കിന്റെ പേര്, മൊബൈൽ നമ്പർ, എംഎംഐഡി നമ്പർ എന്നിവ ഇതിനായി ആവശ്യമാണ്. എംഎംഐഡി നമ്പർ ഉപയോഗിച്ച് എൻപിസിഐ വഴി പണം കൈമാറ്റം ചെയുന്നതിന് അയക്കുന്ന ആൾക്കും സ്വീകരിക്കുന്ന ആൾക്കും മൊബൈൽ ഐഡി വേണം. അതുകൊണ്ട് തന്നെ പുതിയ സംവിധാനം കൂടുതൽ ആളുകളിലേക്ക് എത്തിയിരുന്നില്ല.
പുതിയ രീതിയിൽ ഇവയുടെ ആവശ്യമില്ല എംഎംഐഡിക്ക് പകരം മൊബൈൽ നമ്പർ മതി. ബാങ്കിന്റെ പേര് നൽകുന്നതിലൂടെ ഉടമയെ സ്ഥിരീകരിക്കാൻ കഴിയും. വളരെ എളുപ്പത്തിൽ പണമിടപാട് നടത്താൻ ഈ സംവിധാനം വഴി കഴിയുമെന്ന് എൻപിസിഐ പറഞ്ഞു.