മുംബൈ: ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ ഇനി പുതിയ രൂപത്തിലും നിറത്തിലും. പുതിയ പഞ്ച് ലൈനുമായാണ് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ പുതുനിറം കമ്പനി അവതരിപ്പിച്ചത്. നിങ്ങൾ എങ്ങനെയാണോ അങ്ങനെ പറക്കാം എന്നതാണ് കമ്പനിയുടെ പുതിയ പഞ്ച് ലൈൻ. ഏതുവേഷക്കാർക്കും തുല്യ പരിഗണന നൽകി, നാടിന്റെ തനിമ ചോരാതെ സ്വാഗതമോതുകയാണെന്ന് പുതിയ വിമാനത്തിന്റെ ഡിസൈൻ അനാവരണ ചടങ്ങിൽ കമ്പനി മേധാവികൾ വ്യക്തമാക്കി.
ചെയർമാൻ കാംപ്‌ബെൽ വിൽസൺ, മാനേജിംഗ് ഡയറക്ടർ അലോക് സിംഗ് എന്നിവർ ചേർന്നാണ് പുതിയ ലിവറിയിലുള്ള വിമാനത്തെ അവതരിപ്പിച്ചത്. ബോയിംഗ് 737-8 എന്ന എയർക്രാഫ്റ്റ് പുതിയ നിറത്തിൽ തയ്യാറാക്കി അനാവരണം ചെയ്തു. അതേസമയം എയർ ഏഷ്യ കമ്പനി എയർ ഇന്ത്യ എക്‌സ്പ്രസിലേക്ക് ലയിക്കുന്നതോടെ എയർ ഏഷ്യ വിമാനങ്ങൾ ഇന്ത്യൻ ആകാശത്തോട് വിടപറയും. ലയനത്തിന് പിന്നാലെ കമ്പനിയുടെ ആഭ്യന്തര സർവീസുകളാണ് നിർത്തലാക്കുക.