തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ ഒരു ജില്ലയിലും പ്രത്യേക അലർട്ട് നൽകിയിട്ടില്ല. ബംഗാൾ ഉൾക്കടലിനും അറബിക്കടലിനും മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം വരും ദിവസങ്ങളിൽ ശക്തി പ്രാപിക്കുന്നതാണ് സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കാൻ കാരണമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം.
അതേസമയം വെള്ളിയാഴ്‌ച്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയും മണിക്കൂറിൽ 30 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. കടലിൽ പോകുന്നതിനും മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തീരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചു.
പ്രത്യേക ജാഗ്രതാ നിർദ്ദേശം
തമിഴ്‌നാട് തീരം, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മന്നാർ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന ശ്രീലങ്കൻ തീരം, മാലദ്വീപ് തീരം, തെക്കു കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യത. ജാഗ്രത പാലിക്കുക.















