എറണാകുളം: ആലുവയിൽ 5 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാക് ആലത്തിനെതിരെയുള്ള പ്രോസിക്യൂഷൻ വിചാരണ പൂർത്തിയായി. എറണാകുളം പോക്‌സോ കോടതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. 43 സാക്ഷികളായിരുന്നു കേസിൽ ഉണ്ടായിരുന്നത്. ഇവരെ വിസ്തരിച്ച ശേഷം 10 തൊണ്ടി മുതൽ അടക്കം 95 രേഖകൾ പ്രോസിക്യൂഷൻ കോടതിക്ക് മുമ്പാകെ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജ് ആണ് ഹാജരായത്.
കഴിഞ്ഞ ജൂലൈയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന 5 വയസുകാരിക്ക് ജ്യൂസ് നൽകി അതിക്രൂരമായി പ്രതി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതി കുട്ടിയെ കൊണ്ടു പോകുന്നത് കണ്ട ദൃക്‌സാക്ഷികളെ വിസ്തരിക്കുകയും പ്രതി കുട്ടിയുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
അതേസമയം കുട്ടിയുടെ രക്തം പതിഞ്ഞ പ്രതിയുടെ വസ്ത്രം, കുട്ടിയുടെ സ്വകാര്യഭാഗത്തിൽ നിന്നും കണ്ടെത്തിയ പ്രതിയുടെ ശരീരസ്രവങ്ങളുടെ ഫോറൻസിക് റിപ്പോർട്ടുകൾ തുടങ്ങിയവയും കോടതിയിൽ ഹാജരാക്കി. കുറ്റകൃത്യം നടന്ന് 83 ദിവസത്തിനകമാണ് പ്രോസിക്യൂഷൻ വിചാരണ പൂർത്തീകരിച്ചത്.















