ആധുനിക കാലത്ത് മാത്രമല്ല, നൂറ്റാണ്ടുകൾ മുൻപ് തന്നെ മനുഷ്യൻ സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. 2000 വർഷം പഴക്കമുള്ള സൗന്ദര്യ വസ്തുക്കളാണ് പുരാവസ്തു ഗവേഷകർ കണ്ടെത്തിയത്. ആദ്യമായി ലോകം കീഴടക്കാൻ വൻകരകൾ സഞ്ചരിച്ച റോമക്കാർ ഉപയോഗിച്ച സൗന്ദര്യവർദ്ധക വസ്തുക്കളാണ് കണ്ടെത്തിയിരിക്കുന്നത്.
തുർക്കിയിലെ കുതഹ്യയിൽ സ്ഥിതി ചെയ്യുന്ന പുരാതന റോമൻ നഗരമായ ഐസനോയിയിൽ നടത്തിയ ഖനനത്തിലാണ് പുരാതനമായ സൗന്ദര്യവർദ്ധക വസ്തുക്കളുടെയും ആഭരണങ്ങളുടെയും നിധി ശേഖരം കണ്ടെത്തിയത്. ഉത്ഖനനത്തിനിടെ ഐസനോയി നഗരത്തിലുണ്ടായിരുന്ന, 2000 വർഷം പഴക്കമുള്ള കടകളും കണ്ടെത്തി. വാസനത്തൈലം സൂക്ഷിച്ചിരുന്ന കുപ്പികൾ, ആഭരണങ്ങൾ, മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ അടങ്ങിയ ഉത്പന്നങ്ങൾ ഉൾപ്പെടെ നിരവധി വസ്തുക്കളാണ് കണ്ടെത്തിയത്.
പെർഫ്യൂം കുപ്പികൾ, മുഖത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ചാന്ത്, കൺമഷികളും കണ്ടെടുത്ത കൂട്ടത്തിൽ ഉൾപ്പെടുന്നു. പത്ത് വ്യത്യസ്ത നിറങ്ങളിലുള്ള വസ്തുക്കളും മുടി ചീകുന്ന ചീപ്പുകൾ തുടങ്ങിയവയുടെ വൻ ശേഖരമാണ് ലഭിച്ചിട്ടുള്ളത്. കടയിൽ വിൽപനയ്‌ക്ക് വെച്ചവയാകാം ഇവയെന്നാണ് വിലയിരുത്തൽ. കുതാഹ്യ ഗവർണറേറ്റിന്റെയും ഡുംലുപിനാർ സർവകലാശാലയുടെയും സഹകരണത്തോടെയാണ് പ്രദേശത്ത് ഖനന പ്രവർത്തനങ്ങൾ നടത്തിയത്.















