സുകു പാൽക്കുളങ്ങര എഴുതുന്നു.
ഭാരതീയരുടെ അന്തരാത്മാവിൽ നിറഞ്ഞുനില്ക്കുന്ന ചൈതന്യ രൂപീണിയാണ് സരസ്വതി ദേവി. വിദ്യയുടെ അധിഷ്ഠാന ദേവതയാണ് സരസ്വതിദേവിയെന്നു ലോകം വിശ്വസിക്കുന്നു. ബ്രഹ്‌മദേവന്റെ പുത്രിയായും പത്‌നിയായും രണ്ട് ഭാവങ്ങളിൽ ദേവിയെപ്പറ്റി പുരാണങ്ങളിൽ ആലേഖനം ചെയ്തിരിക്കുന്നു. മർത്ത്യന്റെ ബോധമനസ്സിലേയ്‌ക്കും ബുദ്ധിമണ്ഡലത്തിലേക്കും അറിവിന്റെ ദിവ്യപ്രകാശം കടത്തിവിടുന്ന ദേവതയാണ് സരസ്വതി ദേവിയെന്നു ജനങ്ങൾ ദൃഢമായി വിശ്വസിക്കുന്നു. ദുർഗ്ഗ, രാധ, ലക്ഷ്മി, സരസ്വതി, സാവിത്രി എന്നീ പഞ്ചദേവിമാരിൽ നാലാമത്തെ അവതാരമാണ് സരസ്വതി ദേവിയെന്നാണ് സങ്കല്പം.
ദേവിയുടെ രൂപഭാവങ്ങൾ
സരസ്വതി ദേവി ബോധരൂപിണിയാണ്, ബ്രഹ്‌മരൂപിണിയാണ്. ശുഭ്രവസ്ത്രം ധരിച്ച് ശുഭ്രകമലത്തിലാണ് ദേവി ഉപവിഷ്ടയായിരിക്കുത്. ദേവിയുടെ കരങ്ങളിൽ ജപമാല, അറിവിന്റെ വെളിച്ചം പകരുന്ന പുസ്തകം, സംഗീതത്തിന്റെ രസ- ഭാവ- ധ്വനികൾ പിറക്കുന്ന വീണ എന്നിവ കാണാം. സരസ്വതി ദേവിയുടെ പല ഭാവത്തിലും രൂപത്തിലുമുള്ള വിഗ്രഹങ്ങൾ നാടിന്റെ നാനാഭാഗത്തും കാണുന്നുണ്ട്. ക്ഷേത്രങ്ങളിലെ സരസ്വതിദേവീ വിഗ്രഹ പ്രതിഷ്ഠകളിൽ സാധാരണ കാണുന്നത് കൈകളിൽ പുസ്തകവും അക്ഷമാലയും വീണയും ധരിച്ചു കൊണ്ടുള്ള വിഗ്രഹങ്ങളാണ്. ദേവി വീണാധാരിണിയാണ്. സരസ്വതിദേവിയുടെ കരത്തിലിരിക്കുന്ന ദിവ്യവീണയുടെ പേരാണ് ‘കച്ഛപി’ ദേവി ഇരിക്കുന്നതും, നില്ക്കുന്നതും നൃത്തംചെയ്യുന്നതുമായ രൂപങ്ങളുമുണ്ട്.
ദേവി നാവിന്റെ അഗ്രത്തിൽ വസിക്കുന്നു
സരസ്വതിദേവി സകല ജീവികളുടേയും നാവിന്റെ അഗ്രത്തിൽ വസിക്കുന്നുവെന്നാണ് വിശ്വാസം. ഒരിക്കൽ ബ്രഹ്‌മാവിനോടു സരസ്വതിദേവി ചോദിച്ചു; ‘എന്റെ സ്ഥാനവും നിർവഹിക്കേണ്ട ജോലിയും എന്താണ്?’ അപ്പോൾ ബ്രഹ്‌മദേവൻ കല്പിച്ചു ‘സകല ജീവികളുടെയും നാവിൻ അഗ്രത്തിൽ നീ വസിക്കുക. വിശേഷിച്ചും വിദ്വാന്മാരുടെ ജിഹ്വാഗ്രത്തിൽ നീ നൃത്തം ചെയ്യുക.’
വിജയദശമി
വിജയദശമി ഭാരതീയരുടെ ഒരു ഉത്സവമാണ്. വളരെ സവിശേഷമായ ചടങ്ങുകളാണ് ഈ ഉത്സവനാളുകളിൽ ഭാരതത്തിലങ്ങോളം ഇങ്ങോളം നടക്കുന്നത്. കന്നിമാസത്തിലെ ശുക്ലപക്ഷത്തിൽ പ്രഥമ മുതൽ നവമി വരെയുള്ള രാത്രികാലങ്ങളിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. അതുകൊണ്ടാണ് ഇതിനെ ‘നവരാത്രി’ എന്നു വിളിക്കുന്നത്. ദശമിവരെ ചടങ്ങുകൾ നടക്കുന്നതുകൊണ്ട് ഈ ഉത്സവത്തെ ‘ദസ്രാ’എന്നും വിളിക്കുന്നു . കോൽക്കത്ത, മുംബെ, കർണ്ണാടക എിവിടങ്ങളിൽ ഈ ഉത്സവം വലിയ ആഘോഷമാണ്. ദുർഗ്ഗാദേവിയുടെ വലിയ പ്രതിമകൾ അലങ്കരിച്ചു വർണ്ണാഭമാക്കി ഭക്തജനങ്ങൾ പലതരം ദ്രവ്യങ്ങൾ കാഴ്ചവെച്ച് ദേവിയെ പ്രീതിപ്പെടുത്തുന്നു.
എന്നാൽ കേരളത്തിലും തമിഴ്‌നാട്ടിലും പൂജകൾ മറ്റൊരു തരത്തിലാണ് നടക്കുന്നത്. തമിഴ് നാട്ടിലും കേരളത്തിലും ബ്രാഹ്‌മണ ഭവനങ്ങളിൽ ബൊമ്മക്കൊലുക്കൾ വച്ച് ഒൻപതു ദിവസവും പൂജകൾ നടത്തുന്നു. പൂജ തൊഴാൻ വരുന്നവർക്ക് മധുരപലഹാരങ്ങളും, പലതരം ഉപഹാരങ്ങളും സമ്മാനിക്കും.
ദുർഗ്ഗാദേവിയുടെ വിജയദിനം, വിദ്യാരംഭംദിനം
ദേവിദേവന്മാർക്കും സന്യാസിവര്യന്മാർക്കും ഏറെ ശല്യക്കാരനായിരുന്ന ഉഗ്രനും ബലിഷ്ഠനും, ദുഷ്ടനുമായിരുന്ന ‘മഹിഷാസുരനെ’ദുർഗ്ഗാദേവി നിഗ്രഹിച്ചു വിജയം കൈവരിച്ച കാലമാണ് വിജയദശമി എന്നു ഹൈന്ദവർ സങ്കല്പ്പിക്കുന്നത്. ദേവിയുടെ ആഹ്‌ളാദം നിറഞ്ഞുനില്ക്കുന്ന ഈ നാളുകളിൽ ജീവിത ശ്രേയസ്സിനും, വിജയത്തിനും ഉപകരിക്കുന്നു, സകലകലകളുടെയും വിദ്യയുടെയും തുടക്കം കുറിക്കുന്നതിന് ഉചിതവുമായ ഒരു സന്ദർഭമായി വിജയദശമിയെ പരിഗണിക്കുന്നു.
ദുർഗ്ഗാദേവിയുടെ രൂപാന്തര സങ്കല്പ്പമാണല്ലോ സരസ്വതിദേവി. ദുർഗ്ഗദേവി മഹിഷാസുരനെ നിഗ്രഹിച്ചതോടെ വിദ്യയുടെ ആവിർഭാവമുണ്ടാവുകയും അജ്ഞാനാന്ധകാരം നശിച്ചുവെന്നുമാണ് കരുതുന്നത്. ദേവിയുടെ വിജയദിനമായ വിജയദശമി വിദ്യാരംഭദിനമായി പരിഗണിക്കപ്പെടുകയും അത് ഇന്നും ആഘോഷിക്കുകയും ചെയ്യുന്നു.
പഠിക്കുന്ന കുട്ടികൾ അവരുടെ പുസ്തകങ്ങളും, യോദ്ധാക്കൾ അവരുടെ ആയുധങ്ങളും, സാഹിത്യകാരന്മാർ അവരുടെ തൂലികകളും, ഗ്രന്ഥങ്ങളും ഗായകർ സംഗീത ഉപകരണങ്ങളും സരസ്വതിദേവിയുടെ സമക്ഷത്തിൽ സമർപ്പിച്ചു പൂജിച്ച ശേഷം വിജയദശമി ദിനത്തിലെ ശുഭ മുഹൂർത്തത്തിൽ അവ തിരികെ എടുക്കുന്നു. കുട്ടികളെ വിദ്യാരംഭത്തിനിരുത്തുന്നു. ചിലയിടങ്ങളിൽ അരിയിൽ ‘ഹരിശ്രീ ഗണപതായേ നമഃ അവിഘ്‌നമസ്തു’ എന്ന് എഴുതി വിദ്യാരംഭം കുറിക്കുന്നു. മറ്റ് ചിലയിടങ്ങളിൽ കുട്ടികളുടെ നാവിൽ സ്വർണ്ണമോതിരം കൊണ്ട് ആദ്യാക്ഷരം എഴുതി വിദ്യാരംഭം കുറിക്കുന്നു. കേരളത്തിൽ ഈ ചടങ്ങുകൾ പ്രാചീനകാലം മുതൽക്കെ വഞ്ചിരാജാക്കന്മാരുടെ മേൽനോട്ടത്തിൽ നടത്തിയിരുന്നു. അത് നിർവിഘനം ഇപ്പോഴും നടക്കുന്നു.
മഹിഷാസുരൻ മൈസൂരിലാണ് ജീവിച്ചിരുന്നതന്നാണ് പൗരാണിക സങ്കല്പം. അതിനാൽ ഇപ്പോഴും മൈസൂരിൽ ഈ ചടങ്ങുകൾ പ്രൗഢമായും ആഡംബരത്തോടും ആഘോഷിക്കുന്നു.
എഴുതിയത് സുകു പാൽക്കുളങ്ങര
ലേഖകന്റെ നമ്പർ (9447205109)