ടെൽ അവീവ് : ഹമാസിന്റെ തോക്കുകളുടെയും ഗ്രനേഡുകളുടെയും മുൻപിൽ പതറാതെ നിന്ന 65 കാരിയുടെ അതിജീവനത്തിന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് . റേച്ചൽ എഡ്രി എന്ന വനിത 20 മണിക്കൂറുകളാണ് ഭീകരർക്കു മുൻപിൽ പതറാതെ നിന്നത്.യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇസ്രായേൽ സന്ദർശന വേളയിൽ അദ്ദേഹത്തെ കാണാൻ ക്ഷണിക്കപ്പെട്ട നിരവധി ഇസ്രായേലികളിൽ ഒരാളായിരുന്നു അവർ.
ഈ മാസം ആദ്യമാണ് റേച്ചൽ എഡ്രിയെയും ഭർത്താവ് ഡേവിഡിനേയും ഹമാസ് ഭീകരർ സ്വന്തം വീട്ടിൽ ബന്ദികളാക്കിയത്. തോക്കുകളും ഗ്രാനെഡുകളുമായി വന്ന അവർക്ക് റേച്ചൽ എഡ്രി കാപ്പിയും മൊറോക്കൻ കുക്കീസും വിളമ്പി . പോലീസ് വന്ന് അവരെ കൊല്ലുന്നതുവരെ സന്തോഷിപ്പിച്ചു നിർത്തി .മാത്രമല്ല അവരോട് തങ്ങളെ അറബി പാഠങ്ങൾ പഠിപ്പിക്കാനും പറഞ്ഞു.
“അവർക്ക് വിശക്കുന്നുണ്ടെങ്കിൽ അവർ ദേഷ്യപ്പെടുമെന്ന് എനിക്കറിയാമായിരുന്നു . എനിക്ക് ഇൻസുലിൻ കുത്തിവയ്‌ക്കണമെന്ന് ഞാൻ അവരോട് പറഞ്ഞു, എനിക്ക് പോലീസ് ഓഫീസർമാരായ മക്കളുണ്ടെന്നത് അവർ അറിയാതിരിക്കാൻ ഞാൻ ശ്രമിച്ചു . ഞാൻ അവർക്ക് പാനീയങ്ങളും വാഗ്ദാനം ചെയ്തു,” ,” റേച്ചൽ പറഞ്ഞു.
പോലീസ് ഓഫീസറായ റേച്ചലിന്റെ മകൻ വീട്ടിലേക്ക് എത്തുമ്പോൾ കാണുന്ന കാഴ്ച, സായുധരായ ഭീകരർ തന്റെ മാതാപിതാക്കളെ ബന്ദികളാക്കി വെച്ചിരിക്കുന്നതാണ്. തന്റെ വീട്ടിൽ അഞ്ച് ബന്ദികളുണ്ടെന്ന് റേച്ചൽ മകനോട് തന്റെ അഞ്ച് വിരലുകൾകൊണ്ട് ആംഗ്യം കാണിച്ചു. പിന്നീട് സ്‌പെഷ്യൽ വെപ്പൺസ് ആൻഡ് ടാക്‌റ്റിക്‌സ് (സ്വാറ്റ്) സംഘം ഇവരെ മോചിപ്പിക്കാനും ഭീകരരെ വധിക്കാനുമുള്ള പദ്ധതികൾ തയാറാക്കി.
“ഇത് ജീവിതത്തിന്റെയും മരണത്തിന്റെയും പ്രശ്നമാണെന്ന് ഞാൻ മനസ്സിലാക്കി. അതുകൊണ്ട് തന്നെ ഞാൻ നിങ്ങളെ ഹീബ്രു പഠിപ്പിക്കും, നിങ്ങൾ എന്നെ അറബിയും പഠിപ്പിക്കണം എന്നൊക്കെ ഞാൻ അവരോട് പറഞ്ഞു കൊണ്ടിരുന്നു ,”- റേച്ചൽ പറഞ്ഞു.
ഒടുവിൽ അർദ്ധരാത്രിക്ക് ശേഷമെത്തിയ സൈനിക സംഘമാണ് ഭീകരരെ വധിച്ച് ദമ്പതികളെ രക്ഷപ്പെടുത്തിയത് .















