റാഞ്ചി: ബിജെപിക്ക് അവസരം തന്നാൽ നക്‌സലിസത്തിൽ സംസ്ഥാനത്തെ മോചിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വ്യാഴാഴ്ച ഛത്തീസ്ഗഢിലെ ജഗൽപൂരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒമ്പത് വർഷത്തെ മോദി ഭരണത്തിൽ നക്‌സൽ അക്രമങ്ങൾ 52 ശതമാനം കുറഞ്ഞു. ഭരണം കൈയാളുന്ന കോൺഗ്രസ് നക്‌സിലിസത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
നരേന്ദ്ര മോദി അധികാരത്തിൽ എത്തിയ ശേഷം നക്സലിസവുമായി ബന്ധപ്പെട്ട മരണങ്ങൾ 70 ശതമാനം കുറഞ്ഞു. ഇതിനു പുറമേ ജില്ലകളിലെ 62% നക്‌സൽ സാന്നിദ്ധ്യം കുറയ്‌ക്കാൻ കഴിഞ്ഞു എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ജഗൽപൂരിൽ റാലി നടന്നത്. സംസ്ഥാനത്തെ നക്‌സലിസത്തിൽ നിന്നും മുക്തമാക്കാനുള്ള ഒരേ ഒരു പോംവഴി ബിജെപിയെ അധികാരത്തിൽ എത്തിക്കുക എന്നതാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഛത്തീസ്ഗഢിലെ ജനങ്ങൾ മൂന്ന് തവണ ദീപാവലി ആഘോഷിക്കും. ഉത്സവത്തിന്റ ദിവസം, ചത്തീസ്ഗഢിൽ ബിജെപി വിജയക്കുന്ന ദിവസം. രാമക്ഷേത്രം പൂർത്തിയാകുന്ന ദിവസം, ഇവയാണ് ആ മൂന്ന് ദിവസങ്ങൾ. ഗോത്രവർഗ്ഗ ജനതയുടെ സമൂലമായ പുരോഗതിക്ക് ബിജെപിയെ തിരഞ്ഞെടുക്കണം. ഛത്തീസ്ഗഢിന് മുന്നിൽ രണ്ട് വഴികളാണ് ഉള്ളത്. ഒന്നുകിൽ നക്സലിസത്തെ പിന്തുണയ്‌ക്കുന്ന കോൺഗ്രസിനെ തിരഞ്ഞെടുക്കാം, അല്ലെങ്കിൽ നക്സലിസത്തെയും അഴിമതിയേയും തുടച്ച് നീക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ഇറങ്ങിയ ബിജെപിയെ തിരഞ്ഞെടുക്കാം. കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ സംസ്ഥാനത്തിന് ലഭിക്കുന്ന വിഹിതം ഉപയോഗമില്ലാതെ കിടക്കും. എന്നാൽ ബിജെപി സർക്കാരാണെങ്കിൽ ആ പണം സംസ്ഥാനത്ത വളർച്ചക്ക് വിനിയോഗിക്കും. ഛത്തീസ്ഗഢിൽ ബിജെപിയെ വിജയിപ്പിക്കണമെന്ന് അമിത് ഷാ ജനങ്ങളോട് ആഹ്വാനം ചെയ്തു.















