ഒട്ടാവ: കാനഡയിൽ ഭരണ മികവുമായി ബന്ധപ്പെട്ട് നടത്തിയ സർവെയുടെ ഫലങ്ങൾ പുറത്ത്. അൻഗസ് റെയ്ഡ് ഫോറം നടത്തിയ സർവെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. 1878 പേരിൽ നടത്തിയ സർവെ നിലവിലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നതാണ്.
57 ശതമാനം കാനേഡിയരും ട്രൂഡോയ്‌ക്ക് എതിരാണ്. ട്രൂഡോ മികച്ച ഒരു പ്രധാനമന്ത്രി അല്ലെന്നും അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിയിൽ തൃപ്തരല്ലെന്നും സർവെയിൽ പങ്കെടുത്ത ഭൂരുഭാഗം പേരും അഭിപ്രായപ്പെട്ടു. രാജ്യത്തിന് പുതിയ നേതാവിനെ തിരഞ്ഞെടുക്കാൻ സമയമായെന്നും ഇവർ അഭിപ്രായപ്പെടുന്നു. സർവെയിൽ പങ്കെടുത്ത ലിബറൽ പാർട്ടി അംഗങ്ങളിൽ അഞ്ചിൽ രണ്ടുപേരും ട്രൂഡോ തങ്ങളുടെ നേതാവല്ലെന്ന് അഭിപ്രായപ്പെട്ടതായും സർവെ വ്യക്തമാക്കി.
വ്യക്തിപരമായും രാഷ്ടീയപരമായും ട്രൂഡോയ്‌ക്ക് ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ട വർഷമാണിത്. കനേഡിയൻ സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളും വിലക്കയറ്റവും ട്രൂഡോയെ അനഭിമതനാക്കി. ഇന്ത്യയ്‌ക്ക് നേരെ നടത്തിയ ആരോപണങ്ങൾ ട്രൂഡോയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി. സുഹൃദ് രാജ്യങ്ങളായ അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടൻ എന്നിവർ പോലും വിഷയത്തിൽ ഇന്ത്യക്കൊപ്പമാണ് നിന്നത്. ഇത് ട്രൂഡോയുടെ വിശ്വാസ്യതയ്‌ക്കേറ്റ തിരിച്ചടിയാണെന്നും പൗരന്മാർ വിലയിരുത്തുന്നു.