തൃശൂർ: ചാവക്കാട് ബീച്ചിൽ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് നടത്തിയ സംഘത്തിന് 2,500 രൂപയുടെ രസീത് നൽകി ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് (ഡി.എം.സി). ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ബീച്ചിൽ ചിത്രങ്ങൾ പകർത്തുന്നതിനുള്ള തുകയായിട്ടാണ് പണം ഈടാക്കുന്നതെന്ന് ബീച്ച് ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ചുമതലയിലുള്ളയാൾ പറഞ്ഞു. ബീച്ചിൽ ഫോട്ടോ എടുക്കുന്നതിന് ഇത്രയും പണം നൽകില്ലെന്ന് പറഞ്ഞതോടെ ഇരുകൂട്ടരും തമ്മിൽ തർക്കത്തിലാവുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സമീപവാസികളും ബീച്ചിലെത്തിയവരും ഫോട്ടോ ഷൂട്ട് സംഘത്തെ പിന്തുണച്ചെത്തി. ഇതിന് മുൻപും ഇവിടെ ഫോട്ടോ ഷൂട്ടിനായി എത്തിയിട്ടുണ്ടെന്നും അന്ന് ആരും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ക്യാമറമാൻ പറഞ്ഞു. ഇതോടെ തർക്കം രൂക്ഷമാവുകയും ചെയ്തു. ഒടുവിൽ പണം നൽകാതെ സേവ് ദ ഡേറ്റിനെത്തിയ സംഘം മടങ്ങുകയും ചെയ്തു.
എന്നാൽ ബീച്ചിലെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന രീതിയിൽ ഫോട്ടോ ഷൂട്ട് നടത്തിയതുകൊണ്ടാണ് പണം ആവശ്യപ്പെട്ടതെന്നാണ് ഡി.എം.സി. അധികൃതരുടെ വാദം. നിലവിൽ ചാവക്കാട് ബീച്ചിൽ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടിന് 2,500 രൂപ ഫീസ് ഡി.ടി.പി.സി നിശ്ചയിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഈ നിർദ്ദേശമനുസരിച്ചാണ് പണം പിരിച്ചതെന്നും ഡി.എം.സി പുറത്തുവിട്ട പത്രക്കുറിപ്പിൽ അറിയിച്ചു. ചാവക്കാട് മാത്രമല്ല തളിക്കുളത്തെ സ്‌നേഹതീരം ബീച്ചിലും ഇതേ തുക തന്നെയാണ് ഈടാക്കുന്നതെന്നും ഡി.എം.സി പറയുന്നു.















