ന്യൂഡൽഹി: തോട്ടിപ്പണി സമ്പ്രദായം പൂർണമായും ഇല്ലാതാക്കണമെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. തോട്ടിപ്പണി നിരോധിക്കുന്നതിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കർശന നിർദ്ദേശങ്ങളാണ് സുപ്രീം കോടതി നൽകിയിരിക്കുന്നത്. തോട്ടിപ്പണി സമ്പ്രദായം ഉന്മൂലനം ചെയ്യാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. മനുഷ്യരുടെ അന്തസ്സ് നിലനിർത്തുന്നതിന് വേണ്ടിയാണിതെന്ന് ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് വ്യക്തമാക്കി.
തോട്ടിപ്പണി നിരോധനം, ഇത്തരം ജോലികളിൽ ഉൾപ്പെട്ടവരുടെ പുനരധിവാസം എന്നിവയ്‌ക്കുള്ള ചട്ടങ്ങളിൽ പതിനാല് നിർദ്ദേശങ്ങളാണ് സുപ്രീം കോടതി നൽകിയിരിക്കുന്നത്. രാജ്യത്ത് നിലനിൽക്കുന്ന ഈ സമ്പ്രദായം പൂർണമായും ഇല്ലാതാക്കണം. സർക്കാരിന്റെ ഭാഗത്ത് നിന്നും ഇതിന് ആവശ്യമായ ഇടപെടലുകൾ ഉണ്ടാകണം. ആധുനിക കാലം എത്തിയിട്ടുകൂടി ഇന്നും ഈ തൊഴിൽ രീതി പിന്തുടരുന്നത് അപമാനകരമാണ്. കടുത്ത വേദനയാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തുന്നതെന്നും ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കൂടാതെ അഴുക്ക് ചാലുകളിലും മാൻ ഹോളുകളിലും ശുചീകരണപ്രവർത്തനം നടത്തവെ മരണം സംഭവിക്കുന്നവർക്കുള്ള ധനസഹായം മുപ്പത് ലക്ഷമാക്കി ഉയർത്തണമെന്നും കോടതി ഉത്തരവിട്ടു. ജോലിക്കിടെ സ്ഥിര അംഗവൈകല്യം സംഭവിക്കുന്നവർക്ക് 20 ലക്ഷം നൽകുകയും മറ്റ് അപകടങ്ങൾക്കുള്ള ധനസഹായം 10 ലക്ഷമായി ഉയർത്തണമെന്നും കോടതി ഉത്തരവിട്ടു. തൊഴിൽ അവസാനിപ്പിക്കുന്നവരുടെ പുനരധിവാസം ഉറപ്പു വരുത്തണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടുണ്ട്.