ഒന്നിലധികം ഫോൺ നമ്പറുകളിൽ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്തിരിക്കുന്നവർക്കിതാ ആശ്വാസ വാർത്ത. ഒരു വാട്ട്‌സ്ആപ്പിൽ തന്നെ വ്യത്യസ്ത അക്കൗണ്ടുകൾ ഒരേ സമയം ലോഗിൻ ചെയ്യാനാകുന്ന ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇനി രണ്ട് അക്കൗണ്ടുകൾ ആവശ്യാനുസരണം മാറി മാറി ഉപയോഗിക്കാനാകും. ടെലിഗ്രാമിൽ ഇതിനോടകം തന്നെ എത്തിയ ഫീച്ചറാണ് ഇപ്പോൾ വാട്ട്‌സ്ആപ്പിലും എത്തിയിരിക്കുന്നത്.
നിലവിൽ രണ്ട് സിം കാർഡുകളാണ് ഉള്ളതെങ്കിൽ വാട്ട്‌സ്ആപ്പിന്റെ ക്ലോൺ ആപ്പിലൂടെയാണ് പലരും ലോഗിൻ ചെയ്യാറുള്ളത്. എന്നാൽ പുതിയ ഫീച്ചർ ലഭ്യമാകുന്നതോടെ ഉപയോക്താക്കൾക്ക് ഒരേ ആപ്പിൽ വ്യത്യസ്ത അക്കൗണ്ടുകൾ ലോഗിൻ ചെയ്യാനാകും. രണ്ട് അക്കൗണ്ടുകൾക്കും രണ്ട് പ്രവൈസി സെറ്റിംഗുകളും നോട്ടിഫിക്കേഷനുമാകും ഉണ്ടാകുക. വാട്ട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിൾ വേർഷനിലും ഇവ ലഭ്യമായി തുടങ്ങി.
ഒന്നിലധികം വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ എങ്ങനെ ഉപയോഗിക്കാം…
- ഡ്യുവൽ സിം സൗകര്യമുള്ള ഫോണിൽ രണ്ട് സിംകാർഡ് കണക്ഷനുകൾ വേണം.
- വാട്‌സ്ആപ്പ് സെറ്റിംഗ്‌സ് തുറന്ന ശേഷം നിങ്ങളുടെ പേരിന് നേരെയുള്ള ചെറിയ Arrow ടാപ്പ് ചെയ്യുക. ‘ആഡ് അക്കൗണ്ട്’ തിരഞ്ഞെടുക്കുക.
- രണ്ടാമത്തെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് വെരിഫിക്കേഷൻ പ്രോസസ് പൂർത്തീകരിക്കുക.
- പുതിയ അക്കൗണ്ട് ചേർക്കപ്പെടും, പേരിന് നേരെയുള്ള ആരോയിൽ ക്ലിക്ക് ചെയ്യുമ്പോൾ അക്കൗണ്ടുകൾ മാറ്റി ഉപയോഗിക്കാം.















