ഓണം റിലീസായെത്തി സൂപ്പർ ഹിറ്റടിച്ച ആർഡിഎക്‌സിന് ശേഷം ഷെയ്ൻ നായകനാകുന്ന പുതിയ ചിത്രമാണ് വേല. ഒരു ക്രൈം ഡ്രാമയായാണ് ചിത്രം എത്തുന്നത്. ഒരു ഇടവേളയ്‌ക്ക് ശേഷം നടൻ സണ്ണി വെയ്‌നും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൊറോണ പേപ്പേഴ്‌സിന് ശേഷം ഷെയ്ൻ വീണ്ടും ഒരു മുഴുനീള പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
നവാഗതനായ ശ്യാം ശശിയാണ് വേലയുടെ സംവിധായകൻ. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം നവംബർ 10 നാണ് പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതനും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
പോലീസ് കൺട്രോൾ റൂം പശ്ചാത്തലമാക്കി ഒരുങ്ങുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം. കാഴ്ചക്കാരെ ആവേശത്തിലാഴ്‌ത്തുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയിലർ. പോലീസ് വേഷത്തിലുള്ള ഷെയ്ൻ നിഗത്തിന്റെയും എസ്ഐ മല്ലികാർജുനനായി എത്തുന്ന സണ്ണി വെയ്‌ന്റെയും ക്യാരക്ടർ പോസ്റ്ററുകൾ നേരത്തെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചിരുന്നു.
തെന്നിന്ത്യൻ നായിക അതിഥി ബാലനാണ് ചിത്രത്തിലെ നായിക. എസ് ജോർജ് നിർമ്മിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണം ദുൽഖറിന്റെ വേഫെറെർ ഫിലിംസാണ് ഏറ്റെടുത്തിരിക്കുന്നത്