ഗുജറാത്ത്: പാക് ചാരനെ പിടികൂടി ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്). ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. പാകിസ്താനി ഏജന്റ് ഇന്ത്യൻ സിം കാർഡിൽ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതായി ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ താരാപൂരിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. 1999 ൽ ഇന്ത്യയിലെത്തിയ ഇയാൾ സമൂഹമാദ്ധ്യമമായ വാട്‌സ്ആപ്പ് വഴിയാണ് ഇന്ത്യയെ സംബന്ധിച്ച രഹസ്യ വിവരങ്ങൾ കൈമാറിയിരുന്നത്.
കമ്പ്യൂട്ടറുകളെയും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളെയും തകരാറിലാക്കുവാനും ചോർത്താനും സാധിക്കുന്ന മാൽവെയർ പ്രോഗ്രാമുകൾ വഴിയാണ് ഇയാൾ വിവരങ്ങൾ ചോർത്തിയിരുന്നത്. മുഹമ്മദ് സക്ലൈൻ തൈം എന്ന വ്യക്തിയുടെ പേരിൽ എടുത്ത സിം കാർഡ് അസർ ഹാജിഭായ് എന്ന വ്യക്തിയുടെ മൊബൈൽ ഫോണിൽ നിന്നും ആക്ടിവേറ്റ് ചെയ്യുകയും പാകിസ്താൻ എംബസി നിർദ്ദേശിച്ച വ്യക്തിക്ക് കൈമാറുകയായിരുന്നു എന്നും ഗുജറാത്ത് എടിഎസ് എസ്പി ഓം പ്രകാശ് ജാട്ട് പറഞ്ഞു.
പാകിസ്താനിൽ ജനിച്ച ലഭ്ശങ്കർ മഹേശ്വരി 1999ൽ ഇന്ത്യയിൽ എത്തുകയും പൗരത്വം നേടുകയും ചെയ്തു. ഇന്ത്യൻ സൈനികരെയും അവരുടെ കുടുംബത്തെയുമാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും പാകിസ്താനിൽ ഉപയോഗിച്ച വാട്‌സ്ആപ്പ് നമ്പർ ഇപ്പോഴും സജീവമാണെന്നും ഇയാളുടെ കുടുംബം ഇപ്പോഴും പാകിസ്താനിലാണ് താമസമെന്നും എടിഎസ് എസ്പി കൂട്ടിച്ചേർത്തു.















