ശ്രീഹരിക്കോട്ട: ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയതായി അറിയിച്ച് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. പരീക്ഷണ വിക്ഷേപണത്തിന്റെ എല്ലാ ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കി. റോക്കറ്റിൽ നിന്നും വേർപെട്ട ശേഷം മോഡ്യൂൾ കൃത്യമായി പാരച്യൂട്ടുകളുടെ സഹായത്തോടെ താഴേയ്‌ക്ക് പതിച്ചു. നിലവിൽ കടലിൽ പതിച്ച പേടകത്തെ എടുക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്നാണ് വിക്ഷേപണ സമയം ആദ്യം മാറ്റിയത്. എന്നാൽ രണ്ടാമത് നിശ്ചയിച്ച സമയത്ത് കൗണ്ട്ഡൗൺ ആരംഭിച്ചെങ്കിലും ഓട്ടോമാറ്റിക് സംവിധാനം തകരാർ കണ്ടെത്തിയതിനെ തുടർന്ന് അഞ്ച് സെക്കന്റ് മുൻ വിക്ഷേപണ ദൗത്യം നിർത്തിവെക്കുകയായിരുന്നു. എന്നാൽ അത് അതിവേഗം തന്നെ പരിഹരിച്ച് ഒരു മണിക്കൂർ കൊണ്ട് തന്നെ വിക്ഷേപണത്തിന് സജ്ജമായെന്നും സോമനാഥ് പറഞ്ഞു. ഒരു പ്രതികൂല സാഹചര്യം ഉണ്ടായാൽ അത് അതിവേഗത്തിൽ മറികടക്കാൻ സാധിക്കുമെന്ന് ഇസ്രോ ടീം തെളിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അടിയന്തര ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള ഗഗൻയാന്റെ പ്രാപ്തി പരിശോധിക്കലാണ് ടിവി-ഡി1 എന്ന് പേരിട്ടിരിക്കുന്ന ഈ പരീക്ഷണത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഗഗൻയാന്റെ സുപ്രധാന ഘടകങ്ങളിലൊന്നാണ് ക്ര്യൂ എസ്‌കേപ്പ് സിസ്റ്റം. യാത്ര റദ്ദാക്കേണ്ടി വന്നാൽ യാത്രികരെ തിരികെയെത്തിക്കാനുള്ള സംവിധാനമാണിത്. വിക്ഷേപണ വാഹനത്തിൽ 17 കിലോമീറ്റർ ഉയരത്തിലെത്തിച്ച പേടകത്തെ പാരച്യൂട്ടുകളുടെ സഹായത്തോടെ ശ്രീഹരിക്കോട്ടയിൽ നിന്ന് 10 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ ഇറക്കി. ഇന്ത്യൻ നാവിക സേനയാണ് സമുദ്രത്തിൽ പതിച്ച മോഡ്യൂളിനെ തിരികെ എത്തിക്കുന്നത്.















