ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയിച്ചതിന് പിന്നാലെ ആത്മവിശ്വാസം പങ്കുവെച്ച് ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ്. ഗഗൻയാൻ ദൗത്യത്തിന്റെ അബോർട്ട് മിഷൻ വിജയകരമായതോടെ ഇത് ശേഷിക്കുന്ന യോഗ്യതാ പരിശോധനകൾക്കും ആളില്ലാ ദൗത്യങ്ങൾക്കും സജ്ജമായിരിക്കുകയാണ്. ഇത് ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രയിലേക്ക് നയിക്കുമെന്ന് ഉറപ്പുണ്ടെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
ശ്രീഹരിക്കോട്ടയിൽ നടന്ന പരീക്ഷണം വിജയിച്ചതിന് പിന്നാലെ ഐഎസ്ആർഒയെ അഭിനന്ദിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പകുതി വിജയം കൈവരിച്ചുവെന്ന് നേട്ടത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ക്രൂമൊഡ്യൂളും ക്രൂ എസ്‌കേപ്പ് സിസ്റ്റവും സജ്ജീകരിച്ച സിംഗിൾ-സ്റ്റേജ് ലിക്വിഡ് പ്രൊപ്പൽഷൻ റോക്കറ്റ് ഇന്ന് രാവിലെയാണ് വിക്ഷേപിച്ചത്.
ഇന്ന് നടന്ന പരീക്ഷണം ഇന്ത്യൻ ബഹിരാകാശ യാത്രികനെ ബഹിരാകാശത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള വഴിയൊരുക്കിയെന്നും 2025-ഓടെ ഇത് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗഗൻയാൻ ദൗത്യത്തിൽ സഞ്ചാരിയുടെ സുരക്ഷയ്‌ക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. വിക്ഷേപണ വേളയിൽ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകുകയാണെങ്കിൽ സഞ്ചാരികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള ശേഷിയാണ് ഇന്ന് നടത്തിയ വിക്ഷേപണത്തിൽ പരീക്ഷിച്ചത്.















