ശ്രീനഗർ: ഭീകരവാദത്തെ നേരിടുന്നതിനിടെ ജമ്മു കശ്മീരിൽ 1,605 പോലീസ് ഉദ്യോഗസ്ഥർ ജീവൻ ത്യജിച്ചതായി ജമ്മു കശ്മീർ പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ദിൽബാഗ് സിംഗ്. അവരുടെ ത്യാഗങ്ങൾക്ക് ഫലമുണ്ടായി എന്നും ഭീകരതയ്‌ക്കെതിരായ യുദ്ധത്തിൽ തങ്ങൾ വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയുടെ ഒരു കണിക പോലും ബാക്കി വെയ്‌ക്കില്ല. ജമ്മു കശ്മീരിലെ യുവാക്കൾ ശത്രുക്കളുടെ തന്ത്രങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നും സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഡിജിപി വ്യക്തമാക്കി.
‘ജമ്മു കശ്മീരിൽ യുവാക്കളെ തീവ്രവാദികളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം 110 യുവാക്കളാണ് തീവ്രവാദികളായി റിക്രൂട്ട് ചെയ്തതെങ്കിൽ, ഈ വർഷം ഇതുവരെ 10 പേർ മാത്രമാണ് ചേർന്നത്. ആ 10 പേരിൽ ആറും കൊല്ലപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ള നാലുപേരോടും ആയുധം താഴെയിടാനാണ് ഞങ്ങൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അവരുടെ തിരിച്ചുവരവിനുള്ള വാതിലുകൾ അടഞ്ഞിട്ടില്ല. അവരുടെ ജീവനെടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സമാധാനം പുനസ്ഥാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’.
‘അതിർത്തിയിലും നിയന്ത്രണരേഖയിലും (എൽഒസി) നുഴഞ്ഞുകയറ്റം നിയന്ത്രിക്കാൻ സുരക്ഷാ സേനയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. പാക് അധിനിവേശ കശ്മീരിലടക്കം ഭീകരരുടെ ഒളിത്താവളങ്ങൾ വലിയ തോതിൽ തകർക്കാൻ സുരക്ഷാ സേനയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. നുഴഞ്ഞുകയറ്റം വലിയ തോതിൽ നിയന്ത്രിക്കുന്നതിൽ ഞങ്ങൾ വിജയിച്ചു. ഈ വർഷം ചില നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഉണ്ടായെങ്കിലും 90 ശതമാനത്തിലധികം ശ്രമങ്ങളും അതിർത്തിയിൽ വച്ച് പരാജയപ്പെട്ടുത്തി. നുഴഞ്ഞ് കയറാൻ ശ്രമിച്ച മിക്കവരെയും വധിച്ചു’- ദിൽബാഗ് സിംഗ് പറഞ്ഞു.















