ആഴ്ചയിൽ മൂന്ന് ദിവസം ജോലിക്ക് വരാത്തവരെ പിരിച്ച് വിടാൻ ഒരുങ്ങി ഇ-കൊമോഴ്സ് ഭീമൻമാരായ ആമസോൺ. റിട്ടേൺ- ടു-ഓഫീസ് നയത്തിന്റെ ഭാഗമായിട്ടാണ് ആമസോണിന്റെ ഈ നടപടി. ആദ്യം നിയമം പാലിക്കാത്ത ജീവനക്കാരോട് സംസാരിക്കണമെന്നും പിന്നീടും അവർ നിലവിലെ സാഹചര്യത്തിൽ തന്നെ തുടരുകയാണെങ്കിൽ പിരിച്ച് വിടൽ അടക്കമുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിനുള്ള അനുമതി മനേജർമാർക്ക് കമ്പനി നൽകി.
ഈ വർഷം ഫെബ്രുവരിയിൽ ജീവനക്കാരോട് ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിൽ ഹാജരാവാൻ അറിയിച്ചിരുന്നു. എന്നാൽ പകുതിയിലധികം ജീവനക്കാരും അതിന് തയ്യാറായില്ല. കമ്പനിയുടെ പുതിയ നയത്തോട് യോജിക്കാനാവില്ലായെന്നാണ് ജീവനക്കാർ പറയുന്നത്. കൊവിഡ്-19 ന്റെ സമയത്ത് കമ്പനി ദൂരപ്രദേശങ്ങളിൽ നിന്നാണ് അധിക ജീവനക്കാരെയും ജോലിക്ക് എടുത്തത്. അതുകൊണ്ട് തന്നെ ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിൽ ഹാജരാകുവാൻ അവർക്ക് സാധിക്കില്ലായെന്ന് ജീവനക്കാർ പറയുന്നു. ജൂലൈയിൽ വിദൂര ജോലിക്കാരോട് സഹപ്രവർത്തകർക്കൊപ്പം അവരുടെ അടുത്തുള്ള കമ്പനിയുടെ ഹബ്ബിൽ ഹാജരാവാൻ ആവശ്യപ്പെടുകയും അതിന് സാധിക്കാത്തവരോട് സ്വമേധയാ രാജി വെക്കാനും കമ്പനി അറിയിച്ചു.















