സാങ്കേതികവിദ്യകളിലെ വൈവിധ്യങ്ങളും പുതിയ കണ്ടുപിടുത്തങ്ങളും ലോകത്തിന്റെ മുന്നിൽ സന്തോഷത്തോടെ അറിയിക്കുന്നതിനും അവതരിപ്പിക്കുന്നതിനും മഹീന്ദ്രഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര എപ്പോഴും മുൻകൈ എടുക്കാറുണ്ട്. ഐഐടി ബോംബയിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്ന് നിർമ്മിച്ച ഒരു സൈക്കിളിന്റെ സവിശേഷതകളാണ് അദ്ദേഹം ഇപ്പോൾ സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. കാണുമ്പോൾ ഒരു സാധാരണ സൈക്കിൾ ആണെന്ന് തോന്നുമെങ്കിലും ഇത് വെറുമൊരു സൈക്കിൾ അല്ല. മടക്കി ഉപയോഗിക്കാവുന്ന ലോകത്തിലെ ആദ്യത്തെ ഫോർഡബിൾ ഡയമണ്ട് ഫ്രെയിം ഇ- ബൈക്ക് ആണിത്.
”ഐഐടി മുംബൈയിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ നമ്മെ വീണ്ടും അഭിമാനത്തിലെത്തിച്ചിരിക്കുന്നു. മടക്കി ഉപയോഗിക്കാവുന്ന ലോകത്തിലെ ആദ്യത്തെ ഫോർഡബിൾ ഡയമണ്ട് ഫ്രെയിം ബൈക്ക് നിർമ്മിച്ചിരിക്കുകയാണ് അവർ. ഹോൺബാക്ക് എക്‌സ് 1 എന്ന് പേരിട്ടിരിക്കുന്ന ഈ ബൈക്ക് വിപണിയിലുള്ള മറ്റ് മടക്കാവുന്ന ബൈക്കുകളെക്കാൾ 35% കാര്യക്ഷമതയുള്ളതും അതിവേഗത്തിൽ സഞ്ചരിക്കാൻ സാധിക്കുന്നതുമാണ്. വിദ്യാർത്ഥികളുടെ ഈ സ്റ്റാർട്ടപ്പിൽ ഞാനും പങ്കാളിയായതായി നിങ്ങളെ അറിയിക്കുന്നു” – ആനന്ദ് മഹീന്ദ്ര എക്‌സിൽ കുറിച്ചു.
തന്റെ ഓഫീസിന് ചുറ്റും സൈക്കിൾ ഓടിക്കുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം എക്‌സിലൂടെ പങ്കുവെച്ചു. നിമിഷനേരം കൊണ്ട് നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ പോസ്റ്റിനും ചിത്രത്തിനും പ്രശംസയുമായി രംഗത്തെത്തിയത്. ഇത്തരത്തിലൊരു നൂതന സാങ്കേതികവിദ്യ നിർമ്മിച്ച ഐഐടി മുംബൈയിലെ വിദ്യാർത്ഥികൾക്കും പുതിയ സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കാൻ മുൻകൈ എടുക്കുന്ന ആനന്ദ് മഹീന്ദ്രയെയും എക്‌സ് ഉപയോക്താക്കൾ അഭിനന്ദിച്ചു.















