മുംബൈ: മഹാരാഷ്‌ട്രയിൽ ഗുജറാത്ത് പോലീസിന്റെ വൻ മയക്കുമരുന്ന് വേട്ട. മഹാരാഷ്‌ട്രയിലെ സംഭാജി നഗർ(ഔറംഗബാദ്) ജില്ലയിൽ നിന്ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ചും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡിആർഐ) ചേർന്നാണ് കോടികളുടെ മയക്കുമരുന്ന് പിടിച്ചെടുത്തത്. 500 കോടി രൂപയുടെ മയക്കുമരുന്നാണ് കണ്ടെടുത്തത്.
200 കോടി രൂപയുടെ മയക്കുമരുന്നും മയക്കുമരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്ന 300 കോടി രൂപയുടെ അസംസ്കൃത വസ്തുക്കളുമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. കൊക്കെയ്ൻ, കെറ്റാമിൻ, എംഡിഎംഎ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഓപ്പറേഷനിൽ മൂന്ന് പേരെയും ഏജൻസികൾ അറസ്റ്റ് ചെയ്തു.
അഹമ്മദാബാദ് ക്രൈംബ്രാഞ്ച് മറ്റൊരു മയക്കുമരുന്ന് കേസ് അന്വേഷിക്കുന്നതിനിടെയാണ് സംഭാജി നഗറിലെ മൂന്ന് ഫാക്ടറികളിൽ മയക്കുമരുന്ന് നിർമ്മിച്ചതായി അറിഞ്ഞത്. ഇതിനെ തുടർന്നാണ് അന്വേഷണ ഏജൻസികളുടെ പരിശോധന. വിവരമറിഞ്ഞ് അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന്റെയും ഡിആർഐയുടെയും സംയുക്ത സംഘം സംഭാജി നഗറിലെ വ്യവസായ മേഖലയിലുള്ള ഫാക്ടറികളിൽ റെയ്ഡ് നടത്തുകയായിരുന്നു. മയക്കുമരുന്ന് എവിടെനിന്നാണ് എത്തിച്ചതെന്ന് കണ്ടെത്താൻ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.