തിരുവനന്തപുരം; യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടിയിലായ ഇൻസ്റ്റഗ്രാമിലെ വിരുതൻ ‘മീശ വിനീത്’ എന്നറിയപ്പെടുന്ന കിളിമാനൂർ വെള്ളല്ലൂർ സ്വദേശി വിനീതിനെ റിമാൻഡ് ചെയ്തു.
പീഡനവും മോഷണവുമടക്കം നിരവധി കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ച ഇയാൾ നിരന്തരം ശല്യക്കാരനാണ്. അടുത്തിടെയാണ് ഇയാൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
മടവൂർ സ്വദേശി സമീർ ഖാനെ ആക്രമിച്ച് തല അടിച്ചുപൊട്ടിച്ച കേസിലാണ് ഇപ്പോൾ റിമാൻഡ് ചെയ്തത്.
പള്ളിക്കൽ പോലീസ് കഴിഞ്ഞ ദിവസമാണ് ഇയാളെ പിടികൂടിയത്. കൂട്ടുപ്രതികൾ ഒളിവിലാണ്. ഒക്ടോബർ 16ന് പോങ്ങനാട് കുറിച്ചിയിൽ ഇടറോഡിൽ വച്ചാണ് സംഭവം. സമീർ ഖാനെ കമ്പി വടികൊണ്ട് തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്.
നേരത്തെ ‘ടിക് ടോകി’ലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വിനീത് അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ വിനീത് പെട്രോൾ പമ്പ് മാനേജറുടെ പണം കവർന്ന കേസിൽ അറസ്റ്റിലായി. ഇതിനു പിന്നാലെയാണ് വധശ്രമക്കേസിലും പിടിയിലാകുന്നത്.
സമീർ ഖാന്റെ ഫോണിൽ സുഹൃത്തായ ജിത്തു, വിനീതിനൊപ്പമുള്ള സംഘത്തിലെ റഫീഖിനെ അസഭ്യം പറഞ്ഞിരുന്നു. ഇതു ചേദ്യം ചെയ്യാൻ റഫീഖും വിനീതും ഉൾപ്പെടെയുള്ള ആറംഗ സംഘം ജിത്തുവിനെ തേടിയെത്തി. ജിത്തു മുങ്ങിയതോടെ സുഹൃത്തായ സമീർ ഖാനോട് വിനീതും സംഘവും തട്ടിക്കയറി. വഴക്കിനിടെ കമ്പിവടി കൊണ്ട് സമീർ ഖാന്റെ തലയ്‌ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സമീർ ഖാൻ ആശുപത്രിയിൽ ചികിത്സയിലാണ്.
കാറും സ്‌കൂട്ടറും ഉൾപ്പെടെ മോഷ്ടിച്ചതിന് കന്റോൺമെന്റ്, കല്ലമ്പലം, നഗരൂർ, മംഗലപുരം സ്റ്റേഷനുകളിലും അടിപിടി നടത്തിയതിനു കിളിമാനൂരിലും ഉൾപ്പെടെ പന്ത്രണ്ടോളം വേറെയും കേസുകൾ വിനീതിന്റെ പേരിലുണ്ട്.















