ന്യൂഡൽഹി: ഇന്ത്യയുമായി കാനഡയുടെ നയതന്ത്രബന്ധം വഷളായതിൽ ദു:ഖമുണ്ടെന്ന് കാനഡയിലെ പ്രധാന പ്രതിപക്ഷ കക്ഷിയുടെ നേതാവ് പിയറി പൊയ്ലിവർ. ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് പിയറി ഉന്നയിച്ചത്. ഇന്ത്യക്കാർക്ക് ചിരിക്കാനുള്ള ഒരു വസ്തു മാത്രമാണ് ട്രൂഡോ എന്നും പിയറി പരിഹസിച്ചു. കാനഡയിലെ ഹൗസ് ഓഫ് കോമൺസിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയെ നയിക്കുന്നത് പിയറിയാണ്.
ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പിയറി ട്രൂഡോയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ ഇന്ത്യയുമായുള്ള മികച്ച ബന്ധം പുന:സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഉറപ്പ് നൽകി. ” ട്രൂഡോ ഒരു കഴിവും ഇല്ലാത്തയാളാണ്. പ്രൊഫഷണലിസം എന്താണെന്നും ട്രൂഡോയ്‌ക്ക് അറിയില്ല. കാനഡ ലോകത്തിലെ എല്ലാ വമ്പൻ ശക്തികളുമായും തർക്കത്തിലാണ്. അതിൽ ഇപ്പോൾ ഇന്ത്യയും ഉൾപ്പെട്ടിരിക്കുകയാണ്.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. അവരുമായി കാനഡയ്‌ക്ക് ഒരു പ്രൊഫഷണൽ ബന്ധം ആവശ്യമാണ്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷേ അത് ശരിയാക്കി മുന്നോട്ട് പോവുക എന്നതാണ് ഉത്തരവാദിത്വം. ഞാൻ അധികാരത്തിലെത്തിയാൽ ഇന്ത്യയുമായി മികച്ച ബന്ധം സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തും. ട്രൂഡോ ഇന്ത്യയ്‌ക്കെതിരായി എടുത്ത നിലപാടുകൾ ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെയാണ് ബാധിച്ചതെന്നും” പിയറി ആരോപിച്ചു.















