ലക്‌നൗ: ഉത്തർപ്രദേശിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മദ്രസകളിലേക്ക് അതിരുകവിഞ്ഞ വിദേശ ധനസഹായം ലഭിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് അന്വേഷണം ശക്തമാക്കി യുപി സർക്കാർ. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ നാലായിരത്തോളം മദ്രസകൾ നിലവിൽ സർക്കാരിന്റെ നിരീക്ഷണത്തിലാണ്. മദ്രസകൾക്ക് ലഭിക്കുന്ന വിദേശ സംഭാവനകളുടെ ഉപയോഗം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെയും സർക്കാർ നിയോഗിച്ചു. ഇതിനായി എഡിജി മോഹിത് അഗർവാളിന്റെ അദ്ധ്യക്ഷതയിൽ മൂന്നംഗ സമിതിയെയാണ് (എസ്‌ഐടി) രൂപീകരിച്ചിരിക്കുന്നത്. സൈബർ ക്രൈം എസ്പി ഡോ. ത്രിവേണി സിംഗ്, ന്യൂനപക്ഷക്ഷേമ ഡയറക്ടർ ജെ. റീഭ എന്നിവർ അംഗങ്ങളാണ്.
ഏതെങ്കിലും വിധത്തിലുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എല്ലാ മദ്രസകളും അന്വേഷണത്തിന് വിധേയമാക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി ധർമ്മപാൽ സിംഗ് പറഞ്ഞു. ഏകദേശം 4000 മദ്രസകളാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇവയിൽ ഭൂരിഭാഗവും ഇന്തോ-നേപ്പാൾ അതിർത്തിയിൽ സ്ഥിതിചെയ്യുന്നവയാണ്. ഈ മദ്രസകളിലേക്ക് പതിവായി വിദേശ ഫണ്ട് എത്തുന്നുവെന്നാണ് കണ്ടെത്തൽ. അതിർത്തി പ്രദേശങ്ങളിൽ സ്ഥിതിചെയ്യുന്ന ഒട്ടുമിക്ക മദ്രസകൾക്കും വലിയ തുക ഫണ്ടായി ലഭിക്കുന്നുണ്ടെന്ന് കഴിഞ്ഞ വർഷം നടന്ന മദ്രസ സർവേയിൽ അധികൃതർ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച വ്യക്തമായ കണക്ക് സമർപ്പിക്കാൻ മദ്രസകൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഫണ്ടിന്റെ ഉറവിടത്തെക്കുറിച്ചും അവ എന്തിനെല്ലാമാണ് ഉപയോഗിക്കുന്നതെന്നും, അതുമല്ലെങ്കിൽ ഫണ്ട് എവിടേക്കാണ് വഴിതിരിച്ചുവിടുന്നത് എന്നത് സംബന്ധിച്ചും കൃത്യമായ വിവരങ്ങൾ ലഭിക്കാനാണ് നിലവിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. വിദേശ ധനസഹായം സംബന്ധിച്ച ചോദ്യങ്ങൾക്ക് മിക്ക മദ്രസ മാനേജ്മെന്റുകളും തൃപ്തികരമായ മറുപടി നൽകാത്ത സാഹചര്യത്തിലാണ് നടപടിയെന്നും ധർമ്മപാൽ സിംഗ് വ്യക്തമാക്കി.
വിദേശത്ത് നിന്ന് പണം സ്വീകരിക്കുന്ന എല്ലാ മദ്രസകളുടെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും. മദ്രസകളുടെ നടത്തിപ്പിന് വേണ്ടിയാണോ, മറ്റെന്തെങ്കിലും പ്രവർത്തനങ്ങൾക്ക് വേണ്ടിയാണോ പണം ഉപയോഗിക്കുന്നതെന്ന് കണ്ടെത്തുമെന്ന് സമിതി അദ്ധ്യക്ഷനായ എഡിജി മോഹിത് അഗർവാൾ പറഞ്ഞു. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും നിർബന്ധിത മതപരിവർത്തനത്തിനും വിദേശ സംഭാവനകൾ ഉപയോഗിക്കുന്നുണ്ടെന്ന സൂചനകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് വിശദമായ അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.















