വയനാട്: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. വലിയ വാഹനങ്ങൾ ചുരത്തിൽ കുടുങ്ങുന്നതും വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതും മൂലം മണിക്കൂറോളമാണ് യാത്രക്കാർ പെരുവഴിയിൽ കിടക്കുന്നത്. കൂടാതെ അവധി ആഘോഷിക്കാൻ എത്തുന്നവരുടെ തിരക്കും വാഹനങ്ങളുടെ നീണ്ട നിരക്ക് കാരണമാവുന്നു. പലപ്പോഴും അടിവാരം മുതൽ വൈത്തിരി വരെ വാഹനങ്ങൾ കുടുങ്ങി കിടക്കാറുണ്ട്. കുട്ടികളും സ്ത്രീകളും അടക്കമുള്ളവരും ആംബുലൻസുകളും വരെ അതിൽ ഉൾപ്പെടുന്നു. ഒരു വശത്ത് പാറകളും മറുവശത്ത് കൊക്കയും കൂടാതെ അപകടകരമായ വളവുകളും ആയതിനാൽ മറ്റ് വാഹനങ്ങൾക്ക് വഴി മാറി കൊടുക്കാനോ തിരിച്ച് പോകാനോ കഴിയാത്ത അവസ്ഥയിലാണ് യാത്രക്കാർ. ഇതോടൊപ്പം കാലാവസ്ഥ കൂടി മോശമായാൽ ചുരത്തിൽ അപകട സാധ്യത കൂടുതലാണ്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മുതൽ ചുരത്തിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നാല് ദിവസത്തെ അവധി ഒരുമിച്ച് വന്നതിനാൽ വയനാട്ടിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് കുത്തനെ കൂടിയതാണ് ഇതിന് കാരണം. ഇതിനിടയിൽ ഇന്നലെ വൈകിട്ട് ഏട്ടാം വളവിൽ ചരക്കു ലോറി കുടുങ്ങിയതും കുരുക്ക് നീളാൻ കാരണമായി. വളരെ പണിപ്പെട്ടാണ് താമരശ്ശേരി പോലീസും ചുരം സംരക്ഷണ സമിതിയും ചേർന്ന് ഗതാഗതം നിയന്ത്രിച്ചത്. ചുരത്തിൽ വച്ച് വാഹനങ്ങൾ തകരാറിലാവുന്നതും, ചരക്കു ലോറികൾ ചുരം വഴി വരുന്നതും ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണമാണ്. അമിതഭാരം കയറ്റിയ ലോറികളുടെ ചുരത്തിലൂടെയുള്ള യാത്ര നിരോധിച്ചതാണ് എന്നാൽ അത് കണക്കിലെടുക്കാതെ ദിനം പ്രതി നിരവധി വാഹനങ്ങളാണ് ചുരം വഴി കടന്ന് പോകുന്നത്.















