ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാനിന്റെ ഭാഗമായി ഇസ്രോ നടത്തിയ നിർണായക പരീക്ഷണം കഴിഞ്ഞ ദിവസമായിരുന്നു വിജയകരമായി പൂർത്തിയായത്. ഗഗൻയാൻ പദ്ധതിയുടെ ആദ്യഘട്ടമായി ടിവി-ഡി1 ടെസ്റ്റ് ഫ്ളൈറ്റ് വിക്ഷേപണം ഇസ്രോ ശാസ്ത്രജ്ഞർ വിജയകരമായി പൂർത്തിയാക്കി. കൗണ്ട്ഡൗണിന് ശേഷം വിക്ഷേപണം ആരംഭിച്ചത് മുതൽ ക്രൂ മൊഡ്യൂൾ സെപ്പറേഷൻ വരെയുള്ള 1.28 മിനിറ്റ് സമയത്തെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ ഇസ്രോ പങ്കുവച്ചിരിക്കുന്നത്. റോക്കറ്റിന് ഒപ്പം ഘടിപ്പിച്ചിട്ടുള്ള ക്യാമറയിലാണ് ദൃശ്യങ്ങൾ പകർത്തപ്പെട്ടിരിക്കുന്നത്. ടിവി-ഡി1 പരീക്ഷണ പറക്കലിന്റെ ഒരു സ്ലോ മോഷൻ വീഡിയോയും ഇസ്രോ പങ്കുവച്ചിട്ടുണ്ട്.
വിക്ഷേപണത്തിന് ശേഷം ബംഗാൾ ഉൾക്കടലിൽ ചെന്ന് പതിച്ച മൊഡ്യൂളിനെ നാവികസേന വീണ്ടെടുത്ത ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഈസ്റ്റേൺ നേവൽ കമാൻഡ് യൂണിറ്റാണ് കടലിൽ നിന്നും മൊഡ്യൂൾ വീണ്ടെടുത്തത്. നാവിക സേനയിലെ മുങ്ങൽ വിദഗ്ധരാണ് മൊഡ്യൂൾ കണ്ടെത്തിയത്.
…. and the slow-motion video of the TV-D1 Lift-off.
(No audio)
#Gaganyaan pic.twitter.com/K1LpVtu3bf— ISRO (@isro) October 21, 2023
TV D1 Onboard video https://t.co/3hedjrLgiA https://t.co/QRhVQ0chB7
— ISRO (@isro) October 22, 2023
മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇസ്രോയുടെ ദൗത്യം 2025ൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുന്നോടിയായി നിരവധി ഘട്ടങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. പരീക്ഷണ പറക്കലുകൾ പലതവണ നടത്തിയതിന് ശേഷമായിരിക്കും ദൗത്യത്തിന്റെ അന്തിമ ഘട്ടത്തിലെത്തുക. ഇതിന്റെ ആദ്യഘട്ടമായിരുന്നു ഒക്ടോബർ 21ന് ഇസ്രോ പൂർത്തിയാക്കിയത്. മൂന്ന് പേരെ ബഹിരാകാശത്തേക്ക് എത്തിക്കുകയും അവരെ സുരക്ഷിതമായി തിരിച്ചെത്തിക്കുകയും ചെയ്യുന്നതാണ് ഇന്ത്യയുടെ ഗഗൻയാൻ ദൗത്യം.















