കോഴിക്കോട്: ലക്ഷങ്ങളുടെ വായ്പ തട്ടിപ്പ് നടത്തിയ സിപിഎം നേതാവിനെതിരെ പരാതിയുമായി സഹകരണ സംഘവും പാർട്ടി പ്രവർത്തകരും. സിപിഎം ഏരിയ കമ്മിറ്റി അംഗവും അഭിഭാഷകനുമായ ഒഎം ഭാരദ്വാജിനെതിരെയാണ് പരാതി ഉയരുന്നത്. ലീഗൽ അഡൈ്വസറായിരുന്ന ഭാരദ്വാജ് വായ്പ എടുത്ത ശേഷം സഹകരണ സംഘത്തെ കബളിപ്പിച്ചു എന്നതാണ് പരാതി. മുതലും പലിശയും ഉൾപ്പെടെ 17 ലക്ഷം രൂപയാണ് ഭാരദ്വാജ് അടയ്‌ക്കാനുള്ളത്.
ഭരദ്വാജിനെതിരെ കോഴിക്കോട് എരഞ്ഞിപ്പാലത്ത് പ്രവർത്തിക്കുന്ന കാലിക്കറ്റ് സിറ്റി ജനത വെൽഫെയർ സഹകരണ സംഘം സെക്രട്ടറി സിപിഎം ജില്ലാ സെക്രട്ടറിക്കും സംസ്ഥാന സെക്രട്ടറിക്കും അടുത്തിടെ പരാതി അയച്ചിരുന്നു. ഒരു സഹകരണ സംഘത്തിൽ ക്രമക്കേട് നടത്തിയ ആളെ മറ്റൊരു സഹകരണ സ്ഥാപനത്തിന്റെ വൈസ് ചെയർമാനായി നിയമിച്ചത് കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും പരാതിയിൽ പറയുന്നു.
2016 മാർച്ച് 16-ന് വസ്തു പണയം വെച്ച് ഏഴ് ലക്ഷം രൂപ ഭരദ്വാജ വായ്പയെടുത്തു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വസ്തു ജപ്തി ചെയ്യാൻ ശ്രമിച്ചെങ്കിലും നിയമ പ്രശ്‌നങ്ങൾ മൂലം കഴിഞ്ഞില്ല. വായ്പയ്‌ക്ക് ഈട് വെച്ച വസ്തു മറ്റൊരു കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ജാമ്യം വെച്ചിരിക്കുകയാണ്. അതിനാൽ ഇത് വിൽക്കാനോ കൈമാറാനോ പാടില്ലെന്ന് തഹസിൽദാറുടെ ഉത്തരവുണ്ടെന്നും കത്തിൽ പറയുന്നു.















