മലപ്പുറം: കടലിൽ കുളിക്കാനിറങ്ങിയ ഒമ്പത് വയസ്സുകാരൻ മരിച്ചു. പൊന്നാനി സ്വദേശി മുജീബിന്റെ മകൻ മിഹ്‌റാൻ ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ തിരച്ചിൽ നടത്തി കുട്ടിയെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം തൃശൂർ പുത്തൂരിനടുത്ത് ചിറയിൽ കുളിക്കാനിറങ്ങിയ നാല് കോളേജ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുറ്റൂർ സ്വദേശി അഭിൻ ജോൺ, അർജുൻ കെ, പൂങ്കുന്നം സ്വദേശി നിവേദ് കൃഷ്ണ, വടൂക്കര സ്വദേശി സിയാദ് ഹുസൈൻ എന്നിവരാണ് മരിച്ചത്.
ഒഴുക്കിൽപ്പെട്ട ഒരു വിദ്യാർത്ഥിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവർ അപകടത്തിൽപ്പെട്ടത്. തുടർന്ന് നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും യുവാക്കളുടെ ജീവൻ രക്ഷിക്കാനായില്ല.















