എറണാകുളം: കൊച്ചിയിലെ ലഹരി വേട്ടകളിൽ എക്‌സൈസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. സമീപ ദിവസങ്ങളിൽ തുടർച്ചയായി നടന്ന വൻ മയക്കുമരുന്ന് വേട്ടകളിൽ പിടിയിലായവർക്ക് രാജ്യാന്തര ലഹരി മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഈ നീക്കം. കൊച്ചിയുടെ പല ഭാഗങ്ങളിൽ നിന്ന് പിടികൂടുന്ന എംഡിഎംഎ ഒരേ കേന്ദ്രത്തിൽ നിന്ന് എത്തിക്കുന്നതാണോയെന്നാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷിക്കുന്നത്.
കലൂർ സ്റ്റേഡിയം പരിസരങ്ങളാണ് ലഹരി സംഘങ്ങൾ താവളമാക്കിയിരിക്കുന്നത്. ഇന്നലെ കലൂരിലെ വൻ മയക്കുമരുന്ന് വേട്ടയ്‌ക്ക് പിന്നാലെ കൊച്ചിയിൽ രണ്ടിടങ്ങളിലായി 95 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. കലൂരിലെ വാടക വീട്ടിൽ നിന്നായിരുന്നു 82 ഗ്രാം പിടികൂടിയിരുന്നത്. പാലാരിവട്ടത്ത് നിന്ന് 13 ഗ്രാമും പിടികൂടിയിരുന്നു.
കഴിഞ്ഞയാഴ്ച 327 ഗ്രാം എംഡിഎംഎയുമായി നാലംഗസംഘം എക്‌സൈസിന്റെ പിടിയിലായിരുന്നു. ബെംഗളൂരുവിൽ നിന്നെത്തിച്ച ലഹരിയുമായി നോയൽ ജോസഫ്, മെഹറൂഫ്, മുഹമ്മദ് റാഷിം എന്നിവരായിരുന്നു പിടിയിലായത്. ഹിമാചൽ പ്രദേശിൽ നിന്നും ലഹരി കൊച്ചിയിലേക്ക് എത്തിച്ചായിരുന്നു ഇവരുടെ ലഹരി വിൽപ്പന.
അതേസമയം സമീപകാലത്ത് നിരവധി വൻ ലഹരി വേട്ടകൾ എൻസിബി നടത്തിയിരുന്നു. കഴിഞ്ഞ മെയ് മാസം 25000 കോടി രൂപയുടെ ലഹരിമരുന്ന് എൻസിബി പുറംകടലിൽ വച്ച് പിടികൂടിയിരുന്നു. മെതാഫെറ്റമിനായിരുന്നു ലഹരിമരുന്ന്. ഓപ്പറേഷൻ സമുദ്രഗുപ്തയുടെ ഭാഗമായിട്ടായിരുന്നു ഈ ലഹരി വേട്ട. ലഹരി മാഫിയ സംഘങ്ങൾ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലൊളിപ്പിച്ച മെതാഫെറ്റമിൻ വലിയ തോതിൽ കൊച്ചിയിലേക്കും എത്തിയോയെന്നും എൻസിബി അന്വേഷിക്കും.















