തിരുവനന്തപുരം: ആർഎസ്എസിനെ ഇല്ലാതാക്കാനുള്ള പരിശ്രമം വർത്തമാനകാലത്തും തുടരുന്നുവെന്ന് ആർഎസ്എസ് ക്ഷേത്രീയ സഹ കാര്യവാഹ് എം രാധാകൃഷ്ണൻ. സമൂഹനന്മക്കായി പ്രവർത്തിക്കുന്ന ഒരായിരം സ്വയം സേവകർ ഉണ്ട്. സനാതന ധർമ്മം ചേർത്തുപിടിക്കുന്നതിനുള്ള ലോക മാതൃകയാണ് ഭാരതത്തിലെ സ്വയം സേവകരെന്നും എം രാധാകൃഷ്ണൻ പറഞ്ഞു. വിജയദശമി ദിനത്തിൽ തിരുവനന്തപുരം ഗ്രാമജില്ലയിൽ പദസഞ്ചലനത്തിന്റെ ഭാഗമായിയുള്ള പൊതുപരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ ഭരണരീതി ആകെ മാറി.കേരളത്തിൽ ഭരിക്കുന്നവരെ താങ്ങി ജീവിക്കേണ്ട അവസ്ഥയാണ്. കേരളം ഭരിക്കുന്നവർക്ക് ഹിന്ദുക്കളോടുള്ള വിരോധത്തിന് കാരണമെന്താണെന്നറിയില്ലെന്ന് പൊതുപരിപാടിയിൽ സംസാരിച്ച റിട്ട. എസ്പി എൻ സനിൽ കുമാറും പറഞ്ഞു.
രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പിറന്നാൾ ദിനം തലസ്ഥാനം ആഘോഷമാക്കി. ആഘോഷങ്ങളുടെ ഭാഗമായി വിജയദശമി ദിനത്തിൽ തിരുവനന്തപുരം ഗ്രാമജില്ലയിൽ നൂറ് കണക്കിന് സ്വയംസേവകർ പദസഞ്ചലനത്തിൽ പങ്കെടുത്തു. തിരുവനന്തപുരം ഗ്രാമ ജില്ല വിജയദശമി പരിപാടിയിൽ ജനം ടിവി എംഡി എസ്. രാജശേഖരൻ നായർ, ബിജെപി നേതാക്കളായ പി.കെ കൃഷ്ണദാസ്, എസ് സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.















