ശ്രീനഗർ: ലോക സമാധാനത്തിനായുള്ള ഷട്ട് ചണ്ഡീയാഗം ജമ്മു കശ്മീരിലെ കത്രയിലെ ശ്രീവൈഷ്‌ണോദേവി ക്ഷേത്രത്തിൽ സമാപിച്ചു. ലോകസമാധാനം, ഐക്യം, ഐശ്വര്യം, മനുഷ്യരാശിയുടെ ആരോഗ്യം എന്നിവയ്‌ക്ക് വേണ്ടി നവരാത്രി ദിനങ്ങളിൽ നീണ്ടു നിൽക്കുന്ന മഹായാഗമാണിത്. ശ്രീ മാതാ വൈഷ്‌ണോ ദേവീ ഷ്രൈൻ ബോർഡ് സംഘടിപ്പിക്കുന്ന ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന യാഗമാണ് ഷട് ചണ്ഡി മഹായാഗം. കത്രയിലെ മാതാ വൈഷ്‌ണോദേവിയുടെ പുണ്യക്ഷേത്രത്തിൽ രാമനവമിയുടെ ശുഭ മുഹൂർത്തിലായിരുന്നു സമാപനം.
പത്മശ്രീ പ്രൊഫ. വിശ്വമൂർത്തി ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള പണ്ഡിതന്മാരുടെ സംഘമാണ് മഹായജ്ഞം നടത്തിയത്. വേദമന്ത്രങ്ങളാൽ നടന്ന ചടങ്ങിൽ ശ്രീ മാതാ വൈഷ്‌ണോ ദേവിക്ഷേത്ര ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അൻഷുൽ ഗാർഗ്, ഭക്തർ, ജീവനക്കാർ എന്നിങ്ങനെ നിരവധി പേർ പങ്കെടുത്തു.
പ്രതിദിനം ഏകദേശം 40,000-ഓളം തീർത്ഥാടകരാണ് ദർശനത്തിനായി എത്തുന്നത്. ഇത്തവണ നവരാത്രി ദിനങ്ങളിൽ ഏകദേശം 4 ലക്ഷത്തിൽ അധികം ഭക്തർ ദർശനം നടത്തി.















