ബെംഗളൂരു: ദസറ ആഘോഷങ്ങളുടെ അവസാന ദിനത്തിനൊരുങ്ങി മൈസൂരു കൊട്ടാരം. ദസറ കാഴ്ചകൾ കാണുന്നതിന് വേണ്ടി സന്ദർശകരുടെ പ്രവാഹമാണ് നഗരത്തിലേക്ക് എത്തുന്നത്. അംബാവിലാസ് കൊട്ടാരം, മൃഗശാല, ചാമുണ്ഡിഹിൽസ്, ബൃന്ദാവൻ ഗാർഡൻ, കെആർഎസ് അണക്കെട്ട്, ശ്രീരംഗപട്ടണം, രംഗനത്തിട്ടു പക്ഷി സങ്കേതം എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിനാണ് അധികം ആളുകൾ എത്തുക.
പത്ത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് ചാമുണ്ഡി ഹിൽസിൽ വെച്ച് സംഗീത സംവിധായകൻ ഹംസലേഖയാണ് തുടക്കം കുറിച്ചത്. ഇതിനോടകം തന്നെ ദസറയ്‌ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും നഗരത്തിൽ ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ വിവിധ വേദികളിലായി സാംസ്‌കാരിക പരിപാടികൾ നടന്നിരുന്നു. ദസറയുടെ പാരമ്പര്യ ചടങ്ങുകൾക്ക് വേണ്ടി അംബാ വിലാസ് കൊട്ടാരത്തിലെ സുവർണ സിംഹാസനവും സജ്ജമായി കഴിഞ്ഞു.
ദസറയോടനുബന്ധിച്ചുള്ള എയർഷോ ഇന്ന് വൈകിട്ട് നാല് മുതൽ അഞ്ച് വരെ ബന്നിമണ്ഡപ് ഗ്രൗണ്ടിൽ നടന്നു. ഇന്നലെ വൈകിട്ട് നാലിന് ഇതിന്റെ പരിശീലന പറക്കൽ നടന്നിരുന്നു. വർഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷമാണ് ദസറ എയർഷോ വീണ്ടും ആരംഭിക്കുന്നത്. വ്യോമസേന ഉദ്യോഗസ്ഥർ ജില്ലാ ഭരണകൂടവുമായി ചർച്ച നടത്തിയതിന് ശേഷമാണ് ദസറയ്‌ക്കുള്ള ഒരുക്കങ്ങൾ വിലയിരുത്തിയത്.
ചന്ദ്രയാൻ-3യുടെ മാതൃക ഇത്തവണത്തെ ദസറ പുഷ്പമേളയിൽ രൂപകൽപ്പന ചെയ്തിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ലക്ഷക്കണക്കിന് പൂക്കൾ ഉപയോഗിച്ചാണ് ചന്ദ്രയാൻ-3യുടെ മാതൃക സജ്ജമാക്കിയിരിക്കുന്നത്. ഇസ്രോയുടെ മുഴുവൻ ടീമിനും ചാന്ദ്ര ദൗത്യത്തിന്റെ വിജയത്തിനും സമർപ്പിച്ചുകൊണ്ടാണ് രൂപകൽപ്പന. ഹോർട്ടികൾച്ചർ വകുപ്പും ജില്ലാ ഹോർട്ടികൾച്ചർ സൊസൈറ്റിയും സംയുക്തമായാണ് ചന്ദ്രയാൻ-3യുടെ മാതൃക രൂപകൽപ്പന ചെയ്തിരിക്കുന്നത്.















