ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായുമലിനീകരണം കുറയ്‌ക്കുന്നതിനുള്ള നടപടികളുമായി സർക്കാർ. നഗരത്തിലെ എട്ട് ഹോട്ട്‌സ്‌പോട്ടുകളിൽ മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങൾ എത്രയും വേഗം നടപ്പാക്കാൻ ലക്ഷ്യമിടുന്നതായി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. ഈ സീസണിൽ ആദ്യമായി നഗരത്തിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) 313 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ‘വളരെ മോശം’ അവസ്ഥയിലാണുള്ളത്. ഇതിന് പിന്നാലെയാണ് ഗവൺമെന്റിന്റെ ഇടപെടൽ ശക്തമാക്കിയത്.
ശൈത്യകാലത്തിന്റെ ആരംഭം ആയാൽ ഡൽഹിയിൽ പെട്ടെന്ന് തന്നെ വായു ഗുണനിലവാരം കുറയും. അതോടൊപ്പം വാഹനങ്ങളുടെ വർദ്ധനവും കൃഷിയിടങ്ങളിൽ നിന്നുള്ള പുകയും ഇതിന് കാരണമാവും.
”ഒക്ടോബർ 25 മുതൽ മലിനീകരണ നിയന്ത്രണ കാമ്പയിൻ നടത്താൻ തീരുമാനിച്ചു, അന്നേ ദിവസം മുതൽ എല്ലാ സ്ഥലങ്ങളും പരിശോധിക്കാൻ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാന കവലകളിൽ കൂടുതൽ പോലീസുകാരെ വിന്യസിക്കുക, ഗ്രൗണ്ട് സ്റ്റാഫ് വെള്ളം സ്പ്രിംഗളറുകൾ ഉപയോഗിച്ച് നനയ്‌ക്കുക, പൊതുഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ഡിടിസി) കൂടുതൽ സ്വകാര്യ ബസുകൾ വാടകയ്‌ക്കെടുക്കുക, ഗതാഗതക്കുരുക്ക് മൂലമുള്ള മലിനീകരണം കുറയ്‌ക്കാൻ തിരക്കുള്ള 91 സ്ഥലങ്ങളിൽ പ്രത്യേക ടീമുകളെയും ഫീൽഡ് ഓഫീസർമാരെയും വിന്യസിക്കാൻ ഡൽഹി ട്രാഫിക് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റായ് പറഞ്ഞു. കൂടാതെ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനോട് (ഡിഎംആർസി) ട്രെയിൻ പ്രവർത്തനങ്ങളുടെ സർവീസ് രണ്ട് വിഭാഗങ്ങളാക്കുവാനും ബസ് സർവീസുകൾ വർധിപ്പിക്കാൻ ഡിടിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നടപടികൾ കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് (സിഎക്യുഎം) ഗ്രേഡഡ് ആക്ഷൻ പ്ലാനിന് കീഴിൽ നടപ്പിലാക്കും.
അന്തരീക്ഷത്തെ മാത്രമല്ല മനുഷ്യ ശരീരത്തെയും ഈ വായു മലിനീകരണം ബാധിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. വരും ദിവസങ്ങളിൽ അന്തരീക്ഷം കൂടുതൽ മോശമാകുമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ എയർ ലബോറട്ടറി മുൻ മേധാവി ദിപങ്കർ സാഹ പറഞ്ഞു.
”ഈ വർഷം, വായു മലിനീകരണം അൽപ്പം വൈകിയാണ് തുടങ്ങിയത്. കാലാവസ്ഥ, ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ എന്നിവയുടെ സംയോജനമാണ് ചില ദിവസങ്ങളിലെ നേരിയ മെച്ചപ്പെട്ട വായുവിന് കാരണം. താപനില കൂടുതൽ കുറയുന്നതിനനുസരിച്ച്, വായു ഗുണ നിലവാരം പലപ്പോഴും വളരെ മോശം വിഭാഗത്തിൽ എത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















