നാഗ്പൂർ: രാജ്യം സമസ്ത മേഖലയിലും വളരുകയാണെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. കായിക രംഗത്തും നയതന്ത്ര രംഗത്തും സാമ്പത്തിക രംഗത്തും അത് പ്രകടമാണ്. സാഹചര്യത്തിന് അനുസരിച്ച് സമൂഹവും മാറി ചിന്തിക്കണമെന്നും മൂല്യങ്ങൾ സംരക്ഷിച്ചു കൊണ്ട് എല്ലാവരും മാറ്റങ്ങൾക്ക് വിധേയരാകരാകണമെന്നും നാഗ്പൂരിൽ നടത്തിയ വിജയദശമി സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
ലോകത്തിനായി ഭാരതത്തിന് എന്ത് നൽകാൻ സാധിക്കും എന്നത് പ്രകടിപ്പിക്കാനുള്ള സമയം വന്നെത്തിയിരിക്കുകയാണ്. ഛത്രപതി ശിവജി മഹാരാജ് അടക്കമുള്ള നമ്മുടെ പൂർവികർ പകർന്നുനൽകിയ മൂല്യങ്ങൾ നമുക്ക് മുന്നിലുണ്ട്. അത് മുറുകെ പിടിച്ച് മൂന്നോട്ട് സഞ്ചരിക്കണം. എല്ലാ കാര്യത്തിലും നമ്മുടേതായ ആശയങ്ങൾ മുൻനിർത്തി പ്രവർത്തിക്കണം.
ജി20 ഉച്ചകോടി വളരെ ഭംഗിയായി ഭാരതത്തിൽ അരങ്ങേറി. ഈ ഉച്ചകോടി എല്ലാ വർഷവും നടക്കുന്നതാണെങ്കിലും ഈ വർഷം വലിയ മാറ്റങ്ങൾ ദർശിക്കാനായി. നമ്മുടെ ആതിഥ്യമര്യാദ ലോകം മനസിലാക്കി. നമ്മുടെ സംസ്‌കാരത്തെ അവർ വീക്ഷിച്ചു. ചരിത്രത്തിൽ ആദ്യമായി മനുഷ്യ കേന്ദ്രീകൃതമായും വനിതാ ശക്തി കേന്ദ്രീകൃതമായും ചർച്ചകൾ നടത്തി. മാനവകുലം ഒരു കുടുംബമാണെന്ന സന്ദേശം നൽകാൻ സാധിച്ചത് ജി20 ഭാരതത്തിൽ നടന്നപ്പോൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കായിക രംഗത്തും ശ്രദ്ധേയമായ വളർച്ച നമ്മൾ കൈവരിച്ചു. ഏഷ്യൻ ഗെയിംസിൽ 100 ൽ അധികം മെഡലുകൾ നമ്മുടെ കായിക താരങ്ങൾ രാജ്യത്തിനായി സ്വന്തമാക്കി. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി നാം വളർന്നു. ഡിജിറ്റൽ വിനിമയത്തിലും നമ്മൾ വളരെ മുന്നിലാണ്. എല്ലാ മേഖലയിലും നാം വളരുകയാണ്. ഭാരതത്തിന്റെ ഈ അമൃതകാലം കാണുന്നതിനുള്ള ഭാഗ്യം നമുക്ക് ലഭിച്ചിരിക്കുന്നു. രാഷ്‌ട്രത്തിന്റെ സങ്കൽപ്പങ്ങളിലും മാറ്റം വന്നിരിക്കുന്നു. ഭഗവാൻ ശ്രീരാമന്റെ വിഗ്രഹം രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാൻ പോവുകയാണ്. രാമൻ കരുണയുടേയും മര്യാദയുടേയും പ്രതീകമാണ്. ആ സന്ദേശമാണ് അയോദ്ധ്യയിൽ നിന്നും ഉയരുന്നത്.
ഒരു ആശയത്തെ മുന്നിൽവെച്ച് മറ്റൊരു ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നവരിൽ നിന്നും നാം അകന്നു നിൽക്കേണ്ടതുണ്ട്. അവരുടെ ലക്ഷ്യങ്ങൾ രാജ്യത്തിന് വിനാശം വരുത്തിവെക്കാനുള്ളതാണ്. അത്തരം ആശയധാരയോട് സന്ധിചെയ്യുന്നതിൽ നിന്നും വിട്ടുനിൽക്കണം. അത് രാഷ്‌ട്രീയത്തിൽ ആണെങ്കിൽപോലും. മണിപ്പൂരിൽ സംഭവിച്ചതിന് പിന്നിൽ നമ്മുടെ പരസ്പര വിശ്വാസക്കുറവാണ്. അവിടെ നൽകേണ്ടത് ഏകതയുടെ സന്ദേശമാണ്. എല്ലാവരും അതിനായി പ്രയത്‌നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.