എറണാകുളം: കൊച്ചിയിൽ നിന്ന് ആംബർഗ്രിസ് പിടികൂടിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് വനംവകുപ്പ്. സംഭവത്തിൽ കൂടുതൽ കണ്ണികളുണ്ടെന്ന നിഗമനത്തിലാണ് വനം വകുപ്പ്. അറസ്റ്റിലായ രാഹുൽ, വൈശാഖ് എന്നിവർക്ക് ആംബർഗ്രിസ് അഥവാ തിമിംഗലവിസർജ്യം കൈമാറിയവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചാവക്കാടുള്ള വനിതാ സുഹൃത്താണ് ആംബർഗ്രിസ് നൽകിയതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. വനം വകുപ്പിന്റെ പെരുമ്പാവൂർ ഫ്‌ളൈയിംഗ് സ്‌ക്വാഡിൽ നിന്ന് കോടനാട് റേഞ്ചാണ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി രഹസ്യവിവരത്തെ തുടർന്ന് പരിശോധനയ്‌ക്കെത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) സംഘമാണ് കലൂർ കറുകപ്പിള്ളിയിലെ ഹോട്ടലിന് സമീപത്ത് നിന്ന് രണ്ട് പേരെ പിടികൂടിയത്. കള്ളക്കടത്ത് വിപണിയിൽ അഞ്ചുകോടി രൂപ വില മതിക്കുന്നതാണ് ആംബർഗ്രിസ്. ഡിഅർഐയിൽ നിന്ന് വനം വകുപ്പ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. പിടിച്ചെടുത്ത തിമിംഗലവിസർജ്യം പരിശോധനയ്‌ക്ക് വിധേയമാക്കും. അറസ്റ്റിലായ കെ.എൻ വൈശാഖിനെയും, എൻ രാഹുലിനെയും കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്യും. തുടർന്ന് ആംബർഗ്രിസ് കടത്തുസംഘത്തിലെ കൂടുൽപേരെ കുറിച്ചുള്ള സൂചനകൾ ലഭിച്ചേക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.
അതേസമയം സംസ്ഥാനത്ത് ആംബർഗ്രിസ് കടത്ത് വർദ്ധിക്കുന്നതായാണ് കണക്കുകൾ. അടുത്ത കാലത്തായി നിരവധി ആംബർഗ്രിസ് കടത്ത് സംഘങ്ങൾ പിടിയിലായിട്ടുണ്ട്. വടക്കൻ മേഖലകളിലെ റേഞ്ചുകളിലാണ് കൂടുതൽ ആംബർഗ്രിസ് കടത്തുകളും പിടികൂടിയിട്ടുള്ളത്. തിമിംഗലത്തിന്റെ ദഹന വ്യവസ്ഥയിൽ മെഴുക് പോലെ രൂപപ്പെടുന്ന ഖര വസ്തുവാണ് ആംബർഗ്രിസ്. സുഗന്ധദൃവ്യ നിർമ്മാണത്തിനാണ് ഇവ ഉപയോഗിക്കുന്നത്. 1972-ലെ വനനിയമം സെക്ഷൻ 51 പ്രകാരം തിമിംഗല വിസർജ്യം സൂക്ഷിക്കുന്നതും, വിപണനം ചെയ്യുന്നതും മൂന്ന് മുതൽ ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.