കണ്ണൂർ: വീണ്ടും കാട്ടാനയുടെ ആക്രമണം രൂക്ഷമാവുന്നു. കണ്ണൂരിൽ പരിപ്പുതോടി, പുതിയങ്ങാടി മേഖലകളിലാണ് ആക്രമണം രൂക്ഷമായിട്ടുള്ളത്. കൃഷിയിടങ്ങളിൽ ചാടിക്കടന്ന് വിളകൾ നശിപ്പിക്കുന്നത് പതിവായതോടെ ദുരിതത്തിലായിരിക്കുകയാണ് കർഷകർ. വനം വകുപ്പിന്റെ അനാസ്ഥയാണ് പ്രശ്‌നത്തിന് കാരണമെന്നാണ് ആരോപണം
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നാലാം തവണയാണ് കാട്ടാന ആനമതിൽ ചാടി കടന്ന് കൃഷിയിടങ്ങൾക്ക് നാശം വരുത്തിയത്. കഴിഞ്ഞ ദിവസം കുറുപ്പഞ്ചേരി അച്ചാമ്മയുടെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന തെങ്ങ്, വാഴ തുടങ്ങിയ വിളകൾക്ക് വ്യാപക നാശം വരുത്തിയിരുന്നു. കൃഷിയിടങ്ങളിൽ നിർമ്മിച്ചിട്ടുള്ള ആനമതിൽ ചാടിക്കടന്നാണ് കാട്ടാനകൾ പ്രദേശത്തേക്ക് എത്തുന്നത്. ജനവാസമേഖലകളിലടക്കം കാട്ടാനയുടെ ഭീഷണി നിലനിൽക്കുന്നുണ്ട്.
വനം വകുപ്പ് ഉദ്യോഗസ്ഥരോട് നിരവധി തവണ പരാതി പറഞ്ഞിട്ടും പരിഹാരം കാണുന്നില്ലെന്നാണ് കർഷകർ ആരോപിക്കുന്നത്. പലരും ബാങ്കുകളിൽ നിന്ന് ലോണെടുത്താണ് കൃഷി ചെയ്യുന്നത്. വിളകൾക്ക് നാശം സംഭവിക്കുന്നത് മിക്ക കർഷകരെയും കടക്കെണിയിൽ ആക്കിയിരിക്കുകയാണ്. എത്രയും പെട്ടെന്ന് കാട്ടാന ശല്യത്തിന് സർക്കാർ പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം.















