ന്യൂഡൽഹി: ചൈനീസ് പ്രകോപനം വകവെക്കാതെ അരുണാചൽ അതിർത്തിയിൽ സന്ദർശനം നടത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ചൈന തുടർച്ചയായി അവകാശവാദമുന്നയിക്കുകയും, അവരുടെ ഭൂപടത്തിൽ ഉൾപ്പെടുത്തുകയും ചെയ്ത അരുണാചൽ അതിർത്തി മേഖലയിലാണ് കേന്ദ്ര പ്രതിരോധമന്ത്രി നേരിട്ടെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയത്.
https://x.com/rajnathsingh/status/1716758920323387414?s=20
അരുണാചലിലെ തവാങ് യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ച അദ്ദേഹം ഭാരതം-ചൈന അതിർത്തി മേഖലയായ ബംലയിലെ ക്യാമ്പിൽ സൈനികർക്കൊപ്പം ദസ്സറ പൂജയിലും പങ്കെടുത്തു. ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന് അതിർത്തി മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങൾ പ്രതിരോധമന്ത്രി വിലയിരുത്തി.
അതിർത്തികൾ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്നതുകൊണ്ടാണ് ഭാരതം സാമ്പത്തിക പുരോഗതി നേടി വികസന കുതിപ്പ് നടത്തുന്നത്. അതിർത്തി സുരക്ഷിതമല്ലായിരുന്നെങ്കിൽ രാജ്യത്തിന് ഒരിക്കലും പുരോഗതിയുണ്ടാകില്ല. മുഴുവൻ രാജ്യത്തിന്റെയും അഭിമാനമാണ് ഓരോ സൈനികനെന്നും അദ്ദേഹം വ്യക്തമാക്കി. സൈനികരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം അക്‌സയിചിൻ മേഖല ഭൂപടത്തിൽ ഉൾപ്പെടുത്തിയ ചൈനീസ് പ്രകോപനത്തിന് പിറകെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും അരുണാചൽ അതിർത്തി സന്ദർശിച്ചിരുന്നു.















