പാലക്കാട്: സിനിമാ പ്രമോഷനായി കേരളത്തിലെത്തിയ തമിഴ് സൂപ്പർഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജിന് പരിക്കേറ്റു. പാലക്കാട് അരോമ തിയേറ്റിൽ ലിയോ സിനിമയുടെ വിജയഘോഷത്തിനിടെ തിരക്കിൽപ്പെട്ട് ലോകേഷിന്റെ കാലിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം.
സംവിധാകനെ വരവേൽക്കാൻ വിജയ് ആരാധകർ ഉൾപ്പെടെ വൻ ജനക്കൂട്ടം തടിച്ചു കൂടിയിരുന്നു. ആവേശം അതിരുകടന്നതോടെ തിക്കിലും തിരക്കിലും പെട്ട് ലോകേഷിന്റെ കാലിന് പരിക്കേൽക്കുകയായിരുന്നു. പോലീസ് ലാത്തി വീശിയും മറ്റും ആളുകളെ നിയന്ത്രിച്ചാണ് സംവിധായകനെ കാറിന് അടുത്തേക്ക് എത്തിച്ചത്.
കാറിൽ കയറി യാത്രയായ ശേഷം എക്‌സിലൂടെയാണ്( ട്വിറ്ററിൽ) ലോകേഷ് തന്റെ കാലിന് പരിക്കേറ്റ വിവരം പറഞ്ഞത്. താൻ തിരികെ ചെന്നൈയിലേക്ക് പോവുകയാണെന്നും കൊച്ചിയിലും തൃശ്ശൂരിലും നിശ്ചയിച്ചിരുന്ന പരിപാടികളിൽ പങ്കെടുക്കാൻ കഴിയില്ലെന്നും എന്നാൽ കേരളത്തിലേക്ക് ഉടൻ തന്നെ തിരിച്ചുവരുമെന്നും ലോകേഷ് എക്‌സിൽ കുറിച്ചു.