തൂത്തുക്കുടി ; കുലശേഖരപട്ടണത്ത് റോക്കറ്റ് ലോഞ്ച് പാഡ് നിർമ്മിക്കാൻ ഇന്ത്യ . ഡിസംബറിൽ നടക്കുന്ന ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും . നിലവിൽ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് റോക്കറ്റുകൾ വിക്ഷേപിക്കുന്നത്.
ഇവിടെയുള്ള 2 റോക്കറ്റ് ലോഞ്ചറുകളിലൂടെയാണ് രാജ്യത്തിന്റെ സുരക്ഷയ്‌ക്കും ആശയവിനിമയ സേവനങ്ങൾക്കും ഉപയോഗിക്കുന്ന ഉപഗ്രഹങ്ങൾ, പി.എസ്.എൽ.വി., ജി.എസ്.എൽ.വി. എന്നിവ വിക്ഷേപിക്കുന്നത് . അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ ഐഎസ്ആർഒയ്‌ക്ക് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ചിലവ് കുറവാണ്.
അതുകൊണ്ട് തന്നെ ഐഎസ്ആർഒ വഴി ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ വിവിധ രാജ്യങ്ങൾ താൽപര്യം കാണിക്കുന്നുണ്ട്. അതിനാലാണ് കുലശേഖരപട്ടണത്ത് പ്രത്യേക റോക്കറ്റ് വിക്ഷേപണ പാഡ് നിർമിക്കാൻ ഐഎസ്ആർഒ തീരുമാനിച്ചത്. ഇതിനായി രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ സർവേയും നടത്തിയിരുന്നു . അതിനു പിന്നാലെയാണ് തൂത്തുക്കുടി തിരുച്ചെന്തൂരിനടുത്തെ കുലശേഖരപട്ടണം തിരഞ്ഞെടുത്തത് .
കുലശേഖരപട്ടണത്തിനടുത്ത് കുടൽ നഗറിലെ അമരപുരം, മണപ്പാട്, മാധവൻകുറിച്ചി വില്ലേജുകളിലായി 2,230 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു.ഈ സ്ഥലങ്ങൾക്ക് ചുറ്റും ഇരുമ്പ് കമ്പിവേലി സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ആറുകോടി രൂപ ചെലവിൽ ചുറ്റുമതിൽ നിർമാണവും ഉടൻ ആരംഭിക്കും . ആവശ്യമായ മുഴുവൻ സ്ഥലവും ഏറ്റെടുത്തതിനാൽ ലോഞ്ച് പാഡ് സ്ഥാപിക്കുന്ന ജോലികൾ ദ്രുതഗതിയിൽ നടക്കും
നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ കുലശേഖരപട്ടണം സന്ദർശിക്കുമെന്നും അധികൃതർ അറിയിച്ചു. ഐഎസ്ആർഒ മേധാവി സോമനാഥ് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി മോദിയെയും മുഖ്യമന്ത്രി സ്റ്റാലിനെയും കണ്ട് ഇക്കാര്യം വിശദീകരിച്ചിരുന്നു.















