തിരുവനന്തപുരം; ഏഷ്യന്‍ രാജ്യങ്ങളുടെ മൗണ്ടന്‍ സൈക്ലിംഗ് ആഘോഷം വ്യാഴാഴ്ച പൊന്മുടിയില് ആരംഭിക്കും. ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് ഹോട്ടല്‍ ഹൈസിന്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. വ്യാഴാഴ്ച രാവിലെ പൊന്മുടിയിലെ ചാമ്പ്യന്‍ഷിപ്പ് വേദിയില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തുന്നതോടെ മത്സരങ്ങള്‍ ആരംഭിക്കും.
ഇന്ത്യക്ക് പുറമെ ചൈന, പാക്കിസ്ഥാന്, ജപ്പാന്, കൊറിയ, ഇന്തോനേഷ്യ, തായ്ലാന്ഡ്, കസാക്കിസ്ഥാന്‍, ചൈനീസ് തായ്പേയ്, ഫിലിപ്പൈന്‍സ്, ഹോങ്കോങ്, മംഗോളിയ, ഉസ്ബെക്കിസ്ഥാന്, വിയറ്റ്നാം, ഇറാന്, മലേഷ്യ, സിംഗപ്പൂര്‍, ബംഗ്ലാദേശ്, നേപ്പാള്‍, മാലിദ്വീപ് എന്നിങ്ങനെ 20 രാജ്യങ്ങളില്‍ നിന്നായി 250ലേറെ റൈഡര്‍മാരാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. എലൈറ്റ് വിഭാഗം മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് 2024ലെ പാരിസ് ഒളിമ്പിക്സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും.
ചരിത്രത്തില്‍ ആദ്യമാണ് ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇത്രയധികം രാജ്യങ്ങളും റൈഡര്‍മാരും പങ്കെടുക്കുന്നത്. ചൈനയും കൊറിയയും അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള റൈഡര്‍മാര്‍ പൊന്മുടിയില് മത്സരത്തിനായി തയാറാക്കിയ ട്രാക്കില്‍ പരിശീലനം നടത്തുന്നുണ്ട്. 31 അംഗ ടീമിനെയാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ അണിനിരത്തുന്നത്. 20 പുരുഷ റൈഡര്‍മാരും 11 വനിതാ റൈഡര്‍മാരുമാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്.
ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ഇന്ത്യ ഉള്‍പ്പെടെ 10 രാജ്യങ്ങളില്‍ നിന്നുള്ള റഫറിമാര്‍ക്കുള്ള എലൈറ്റ് നാഷണല്‍ പരിശീലന പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. 28-ാമത് ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പാണ് പൊന്മുടിയില് സംഘടിപ്പിക്കുന്നത്. 14-ാമത് ജൂനിയര്‍ ഏഷ്യന്‍ മൗണ്ടന്‍ ബൈക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പും പൊന്മുടിയില് നടക്കുന്നുണ്ട്. ചാമ്പ്യന്‍ഷിപ്പ് 29ന് സമാപിക്കും.