ബീജിംഗ്: കഴിഞ്ഞ രണ്ട് മാസമായി പൊതുവേദികളിൽ നിന്ന് വിട്ടു നിന്നതിന് പിന്നാലെ പ്രതിരോധമന്ത്രി ലി ഷാങ്ഫുവിനെ സ്ഥാനത്ത് നിന്ന് നീക്കി ചൈന. ലി ഷാങ്ഫുവിനെ കാണാതായെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നീക്കം. പ്രതിരോധ മന്ത്രി സ്ഥാനത്തിന് പുറമെ സ്റ്റേറ്റ് കൗൺസിലർ സ്ഥാനത്ത് നിന്നും ലിയെ നീക്കിയാണ് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാർച്ചിലാണ് ലി പ്രതിരോധ മന്ത്രി സ്ഥാനത്തെത്തുന്നത്.
ഷി ജിൻ പിംഗ് മൂന്നാം വട്ടം പ്രസിഡന്റ് ആയ ശേഷം സ്ഥാനം നഷ്ടമാകുന്ന രണ്ടാമത്തെ പ്രമുഖനാണ് ലി. ജൂലൈയിൽ വിദേശകാര്യ മന്ത്രി സ്ഥാനത്തുനിന്നും ക്വിൻ ഗാംഗിനെ നീക്കിയിരുന്നു. ചൈനയുടെ നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി ഇരുവരേയും നീക്കം ചെയ്ത നടപടിക്ക് അംഗീകാരം നൽകിയിട്ടുണ്ട്. നിലവിൽ ലി ഷാങ്ഫുവിന് പകരം പ്രതിരോധ മന്ത്രി സ്ഥാനത്തേക്ക് ആരെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
ഈ മാസം 29,31 തിയതികളിൽ നടക്കുന്ന ബീജിംഗ് സിയാങ്ഷാൻ ഫോറത്തിൽ വിദേശ പ്രതിരോധ ഉദ്യോഗസ്ഥരുടെ പരിപാടിക്ക് മുൻപായി ലിക്ക് പകരക്കാരനെ കണ്ടെത്തിയേക്കുമെന്ന സൂചനയും ഉണ്ട്. 65കാരനായ ലി രണ്ട് മാസം മുമ്പാണ് പൊതുവേദിയിൽ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ലിക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ അന്വേഷണം നേരിടുകയാണെന്ന് ചില അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ലി വീട്ടുതടങ്കലിൽ ആണെന്ന തരത്തിൽ ജപ്പാനിലെ യുഎസ് സ്ഥാനപതി റഹം ഇമ്മാനുവൽ സമൂഹമാദ്ധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചതും വലിയ ചർച്ചയായിരുന്നു.















