ന്യൂഡൽഹി: ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാന്റെ (ജിആർഎപി) രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിനുള്ള ഉന്നത തല യോഗം ചേർന്നതിന് തൊട്ടു പിന്നാലെ ട്രെയിൻ സർവീസ് കൂട്ടാൻ ഒരുങ്ങി ഡൽഹി മെട്രോ. പരിസ്ഥിതി മന്ത്രി ഗോപാൽ റായുടെ നേതൃത്വത്തിൽ നടന്ന യോഗത്തിന് ശേഷമാണ് ഡൽഹി മെട്രോ കോർപ്പറേഷന്റെ ഈ നീക്കം. ജിആർഎപിയുടെ രണ്ടാം ഘട്ടത്തിന് കീഴിൽ വായു മലിനീകരണം കുറയ്‌ക്കുന്നതിനായി ഡൽഹി സർക്കാർ സ്വീകരിച്ച വിവിധ നടപടികളുടെ ഭാഗമായി, 40 ലധികം അധിക ട്രെയിൻ സർവീസുകളാണ് മെട്രോ ആരംഭിക്കുന്നത്. ഇന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും. തിങ്കൾ മുതൽ വെള്ളി വരെയാകും അധിക സർവീസുകൾ ഉണ്ടാവുക. പൊതുഗതാഗതം പ്രോത്സാഹിപ്പിച്ച്, സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് കുറയ്‌ക്കുക എന്നതാണ് ലക്ഷ്യം. ഇതുവഴി മലിനീകരണത്തിന്റെ തോത് ഒരു പരിധി വരെ കുറയ്‌ക്കാനാകും എന്നാണ് അധികൃതർ ലക്ഷ്യമിടുന്നത്.
രാജ്യതലസ്ഥാനത്തെ വായു മലിനീകരണ തോത് വളരെ മോശം എന്ന കാറ്റഗറിയിലാണ് ഇപ്പോൾ ഉള്ളത്. ഇത് കുറയ്‌ക്കുവാനുള്ള നടപടികൾ എടുത്തില്ലെങ്കിൽ ശൈത്യകാലം ശക്തിപ്പെട്ടാൽ മലിനീകരണ തോത് വർദ്ധിക്കുവാൻ സാധ്യതയുണ്ട്. അതുകൊണ്ട് രണ്ടാം ഘട്ടം ജിആർഎപി നടപ്പിലാക്കുന്നതിനായി വിവിധ ഏജൻസികളുടെയും വകുപ്പുകളുടെയും തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് തിങ്കളാഴ്ച ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിന്റെ ഭാഗമായി എടുത്ത നടപടികളിൽ ഒന്നാണ് പൊതുഗതാഗത ഉപയോഗം വർദ്ധിപ്പിക്കുക എന്നത്. മെട്രോകളുടെയും ബസുകളുടെയും സർവീസ് വർദ്ധിപ്പിക്കാൻ ഡിഎംആർസിക്കും ഗതാഗത വകുപ്പിനും മന്ത്രി നിർദേശം നൽകിയിരുന്നു.