ഈ വർഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഈ മാസം 28ന് നടക്കും. ഭാഗിക ചന്ദ്രഗ്രഹണം ഇന്ത്യയിൽ നിന്നും കാണാൻ സാധിക്കും. ഈ മാസം 14 നായിരുന്നു ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം നടന്നത്. ഇത്തവണത്തെ ചന്ദ്രഗ്രഹണം അർധരാത്രിയിലാണ്. ഒരു മണിക്കൂറിലധികം ദൈർഘ്യമുള്ള ഭാഗിക ചന്ദ്രഗ്രഹണം ഇന്ത്യയിൽ എല്ലായിടത്തും ദൃശ്യമാവും. ഇന്ത്യൻ മഹാസമുദ്രം, പടിഞ്ഞാറൻ പസഫിക് മേഖല, അറ്റ്ലാന്റിക്ക് സമുദ്രം, ദക്ഷിണ പസഫിക് സമുദ്രം, എഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലും ചന്ദ്രഗ്രഹണം ദൃശ്യമാവും.
സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമി വരുന്നതോടെ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നു. ഈ നിഴൽ ചന്ദ്രനെ പൂർണമായി മറയ്‌ക്കാതെയാണ് കടന്ന് പോകുന്നതെങ്കിൽ അതിനെ ഭാഗിക ചന്ദ്രഗ്രഹണം എന്നു പറയുന്നു. ചന്ദ്രനെ പൂർണ്ണമായും നിഴൽ മറച്ചാൽ അത് പൂർണ്ണ ചന്ദ്രഗ്രഹണം എന്നറിയപ്പെടുന്നു.















