ഡല്‍ഹി: നിരോധിച്ച പഴയ കറന്‍സി ജിന്നിന്റെ സഹായത്തോടെ പുതുക്കാമെന്ന മന്ത്രവാദിയുടെ വാഗ്ദാനത്തില്‍ കുടുങ്ങിയ ഒരാള്‍ പോലീസ് പിടിയില്‍. 47 ലക്ഷം രൂപ മൂല്യം വരുന്ന 500,1000ത്തിന്റെയും പഴയ കറന്‍സികളാണ് പിടിച്ചെടുത്ത്. മന്ത്രവാദി മുങ്ങി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗ്രാമങ്ങളില്‍ വിതരണം ചെയ്യാനാണ് വന്‍തുക എത്തിച്ചതെന്ന നിഗമനത്തിലായിരുന്നു പോലീസിന്റെ അന്വേഷണമെങ്കിലും പിടിയിലായ സുല്‍ത്താന്‍ കരോസിയ മറ്റൊരു കഥയാണ് പോലീസിനോട് പറഞ്ഞത്.
നോട്ട് അസാധുവാക്കല്‍ നയം നടപ്പാക്കുന്നതിന് ഏകദേശം 6-7 മാസം മുമ്പ് മാലിന്യക്കൂമ്പാരത്തില്‍ നിന്നാണ് ഈ അസാധുവാക്കപ്പെട്ട നോട്ടുകള്‍ ലഭിച്ചത്. സംഭവം ആരോടും വെളിപ്പെടുത്താതെ നോട്ടുകള്‍ വീട്ടില്‍ രഹസ്യമായി സൂക്ഷിച്ചു. ഒരു ദിവ്യ മന്ത്രവാദിക്ക് മന്ത്രവാദത്തിലൂടെ ജിന്നിനെ വിളിച്ചു വരുത്താന്‍ കഴിയുമെന്നും പഴയ നോട്ടുകള്‍ പുതിയ കറന്‍സികളാക്കി മാറ്റാനുള്ള കഴിവുണ്ടെന്നും ഒരു പരിചയക്കാരന്‍ തന്നോട് പറഞ്ഞതായി സുല്‍ത്താന്‍ പൊലീസിനോട് വെളിപ്പെടുത്തി.
ഇതിനായി 1000 രൂപ നോട്ടുകളുടെ 41 കെട്ടുകളും 500 രൂപ നോട്ടുകളുടെ 12 കെട്ടുകളുമായി ഇദ്ദേഹം മന്ത്രവാദിയുടെ അരികിലേക്ക് പോകുന്നതിനിടെയാണ് പേലീസ് പിടിയിലായത്. ഇയാളുടെ കൂട്ടാളിയായ ജിതേന്ദ്ര ബദൗരിയയെയും പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍പ്പോയ മന്ത്രവാദിയെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി.
മൊറേന ജില്ലയിലെ ബറോഖര്‍ സ്വദേശിയാണ് സുല്‍ത്താന്‍. മൊറേനയില്‍ നിന്ന് ഗ്വാളിയോറിലേക്ക് മോട്ടോര്‍ സൈക്കിളില്‍ കറുത്ത ബാഗില്‍ കറന്‍സിയുമായി വരുന്നതിനിടെയാണ് ഇയാള്‍ ക്രൈംബ്രാഞ്ച് സംഘത്തെത്തിന്റെ വലയിലായത്. ഇലക്ഷന്‍ കമ്മിഷനെയും ആദായ നികുതി വകുപ്പിനെയും പോലീസ് വിവരം അറിയിച്ചിട്ടുണ്ട്.