തിരുവനന്തപുരം: ഷെൻഹുവ-15 എന്ന കാർഗോ കപ്പൽ ഇന്ന് വിഴിഞ്ഞത്ത് നിന്നും മടങ്ങും. പ്രതികൂല കാലാവസ്ഥയെയും മറ്റു വെല്ലുവിളികളെയും അതിജീവിച്ച് കൂറ്റൻ ക്രെയിൻ വിഴിഞ്ഞം തുറമുഖത്ത് ഇറക്കിയതിന് ശേഷമാണ് മടങ്ങുന്നത്. ഇന്നലെ വൈകീട്ടോടെയാണ് ചൈനീസ് ചരക്ക് കപ്പലായ ഷെൻഹുവ-15 ൽ നിന്ന് 1100 ടണ്ണിലധികം ഭാരമുള്ള സൂപ്പർ പോസ്റ്റ് പാനാ മാക്‌സ് ക്രെയിൻ (ഷിപ്പ് ടു ഷോർ ക്രെയിൻ) ബർത്തിലിറക്കിയത്.
ഈ മാസം 21-ാം തീയതി ആയിരുന്നു കരാർ പ്രകാരം ഷെൻഹുവ-15 തിരികെ മടങ്ങേണ്ടിയിരുന്നത്. മോശം കാലാവസ്ഥ കാരണം കടൽ പ്രക്ഷുബ്ധമായതോടെ ഷിപ് ടു ഷോർ ക്രെയിനുകൾ ഇറക്കുന്നത് വൈകുകയായിരുന്നു. വിഴിഞ്ഞത്തേക്ക് ആറ് യാർഡുകളും വഹിച്ച് കൊണ്ടുള്ള ഷെൻഹുവ-29 എന്ന കപ്പൽ അടുത്ത മാസം 9-ന് വിഴിഞ്ഞത്ത് നങ്കൂരമിടും. ഷെൻഹുവ-29 എന്ന കപ്പൽ ചൈനയിൽ നിന്ന് പുറപ്പെട്ടു കഴിഞ്ഞു. റെയിൻ മൗണ്ടഡ് ഗാൻട്രി ക്രെയിനുകളുമായാണ് കപ്പൽ വിഴിഞ്ഞത്തേക്ക് വരുന്നത്.
ആകെ മൂന്ന് ക്രെയിനുകളാണ് ഷെൻഹുവ-15ൽ കൊണ്ടുവന്നിരുന്നത്. ക്രെയിനുകളിൽ ഏറ്റവും വലിയതാണ് കഴിഞ്ഞ ദിവസം ഇറക്കിയത്. നിലവിൽ ചരക്കുകൾ കയറ്റാനും ഇറക്കാനും കഴിയുന്ന മൂന്ന് ക്രെയിനുകളാണ് തീരത്ത് ഉറപ്പിച്ചിട്ടുള്ളത്. എന്നാൽ ഈ ക്രെയിനുകൾ ഇറക്കാൻ ഏറെ വെല്ലുവിളികളുണ്ടായിരുന്നു. മറ്റു ക്രെയിനുകൾ തിങ്കളാഴ്ചയോടെ ഇറക്കിയിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെതുടർന്ന് കൂറ്റൻ ക്രെയിൻ ഇറക്കാനായിരുന്നില്ല. അതേസമയം തുറമുഖത്തിന്റെ പരിസരങ്ങൾ അതീവ സുരക്ഷാ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.